ഡല്‍ഹി: ഡല്‍ഹിയിലെ വായു മാത്രമല്ല, വെള്ളവും മലിനമാണെന്ന് ആരോപിച്ച് എഎപി എംപി സ്വാതി മലിവാള്‍ രംഗത്ത്. പ്രദേശവാസിയുടെ വീട്ടില്‍ നിന്നും ശേഖരിച്ച കറുത്ത നിറത്തിലുള്ള മലിന ജലം കുപ്പില്‍ കൊണ്ടുവന്ന് മുഖ്യമന്ത്രി അതിഷിയുടെ വീടിനു മുന്നില്‍ തളിച്ചായിരുന്നു സ്വാതി മലിവാളിന്റെ പ്രതിഷേധം.
തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍ പൂരിലെ ഒരു വീട്ടില്‍ നിന്നാണ് ഈ വെള്ളം ശേഖരിച്ചതെന്ന് സ്വാതി മലിവാള്‍ അവകാശപ്പെട്ടു. അവിടെ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് മലിനമായ വെള്ളമാണെന്നാണ് എംപിയുടെ ആരോപണം.
മലിനജലം നിറച്ച കുപ്പി മുഖ്യമന്ത്രിയുടെ വസതിയുടെ ഗേറ്റിന് പുറത്ത് ഉപേക്ഷിച്ച എഎപി എംപി ജലമലിനീകരണ പ്രശ്‌നം പരിഹരിക്കാന്‍ 15 ദിവസത്തെ അന്ത്യശാസനവും നല്‍കി.
ഇത് ഒരു സാമ്പിള്‍ മാത്രമാണെന്ന് ഞാന്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുന്നു. പതിനഞ്ച് ദിവസത്തിനകം ഡല്‍ഹിയിലെ ജലവിതരണം പരിഹരിച്ചില്ലെങ്കില്‍, മലിനജലം നിറച്ച ടാങ്കര്‍ ഞാന്‍ ഇവിടെ എത്തിക്കും. സ്വാതി മുന്നറിയിപ്പ് നല്‍കി.
വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സാഗര്‍പൂരിലെ ഒരു കുടുംബം തന്നെ ക്ഷണിച്ചുവെന്നും അവിടെയെത്തിയപ്പോള്‍ മലിനീകരണം നിറഞ്ഞ കറുത്ത വെള്ളം താന്‍ കണ്ടെത്തിയെന്നും സ്വാതി മലിവാള്‍ പറഞ്ഞു.
ദ്വാരകയിലെ സാഗര്‍പൂരിലെ ആളുകള്‍ എന്നെ വിളിച്ചിട്ടുണ്ടെന്നും അവിടെ സ്ഥിതി വളരെ മോശമാണെന്നും അവര്‍ പറഞ്ഞു. ഞാന്‍ ഒരു വീട്ടില്‍ പോയി. മലിനമായ വെള്ളം അവിടെ വിതരണം ചെയ്യുകയായിരുന്നു. മലിനമായ വെള്ളം കുപ്പിയില്‍ ശേഖരിച്ച് ഞാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിച്ചു.
അടുത്ത വര്‍ഷം എല്ലാ വീടുകളിലും ആര്‍ഒ വെള്ളം നല്‍കുമെന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷമായി സര്‍ക്കാര്‍ വാഗ്ദ്ധാനം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
'ഇതാണോ ഡല്‍ഹിയിലെ ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമെന്നും അവര്‍ ചോദിച്ചു.