ഭക്ഷണം വീട്ടിലെത്തും പക്ഷേ, വലിയ വില കൊടുക്കേണ്ടി വരും ! ഫുഡ് ഡെലിവറി ഓർഡറുകൾക്കുള്ള പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും കൂട്ടി സ്വിഗ്ഗി

New Update
swiggy cheat

ഡൽഹി: ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി, ഫുഡ് ഡെലിവറി ഓർഡറുകൾക്കുള്ള പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വർദ്ധിപ്പിച്ചു. 12 രൂപയിൽ നിന്ന് 14 രൂപയായിട്ടാണ് ഫീസ് ഉയർത്തിയത്. 

Advertisment

ഉത്സവ സീസണിൽ ഉപഭോക്താക്കളുടെ എണ്ണവും ഇടപാടും കുതിച്ചുയർന്നതോടെയാണ് സീസണൽ പ്രോഫിറ്റ് ലക്ഷ്യമിട്ട് പ്ലാറ്റ്‌ഫോം ഫീസ് കമ്പനി ഉയർത്തിയത്.

ആദ്യമായിട്ടല്ല സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് കൂട്ടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, പ്ലാറ്റ്‌ഫോം ഫീസ് ക്രമാനുഗതമായി വർധിച്ചിരുന്നു. 2023 ഏപ്രിലിൽ 2 രൂപയായിരുന്ന ഫീസ് 2024 ജൂലൈ ആയപ്പോൾ 6 രൂപയായി ഉയർന്നു. 


2024 ഒക്ടോബർ ആയപ്പോ‍ഴേക്കും അത് 10 രൂപയായി ഉയർന്നു. ശേഷമാണ് പന്ത്രണ്ട് ആക്കി ഉയർത്തിയതും ഇപ്പോൾ 14 രൂപ ആക്കിയതും.


വെറും രണ്ട് വർഷത്തിനുള്ളിൽ 600% വർധനവാണ് സ്വിഗ്ഗി നടപ്പിലാക്കിയത്. സ്വിഗ്ഗി നിലവിൽ പ്രതിദിനം 2 ദശലക്ഷത്തിലധികം ഓർഡറുകൾ പ്രോസസ്സ് ചെയ്യുന്നുണ്ട്. 

പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും ഉയർത്തുന്നതോടെ ദൈനംദിന വരുമാനത്തിൽ ഗണ്യമായ വർധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാൽ വർധനവ് സംബന്ധിച്ച് കമ്പനി പൊതുപ്രസ്താവന ഒന്നും ഇറക്കിയിട്ടില്ല.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 611 കോടി രൂപയായിരുന്ന കമ്പനിയുടെ അറ്റ നഷ്ടം (net loss), 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1,197 കോടി രൂപയായി വർധിച്ചതായി റിപ്പോർട്ട് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്ലാറ്റ്‌ഫോം ഫീസ് കൂട്ടിയതെന്നും ശ്രദ്ധേയമാണ്.

Advertisment