മുംബൈ: 26/11 മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ തഹാവൂര്‍ റാണയെ ആക്രമണങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തുവരികയാണ്. നീണ്ട നിയമപോരാട്ടത്തിന് ശേഷം യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി പട്യാല കോടതി 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരുന്നു.
പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ), ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും റാണയെ ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണത്തിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സി റാണയെ ചോദ്യം ചെയ്തു വരികയാണ്. കേസിലെ മറ്റൊരു പ്രതിയായ ദാവൂദ് ഗിലാനി എന്നറിയപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നിലവില്‍ ജയിലില്‍ കഴിയുന്ന യുഎസ് പൗരനായ ഹെഡ്ലിയുമായുള്ള റാണയുടെ നിരവധി ഫോണ്‍ കോളുകളുടെ പേരിലാണ് റാണയെ ചോദ്യം ചെയ്യുന്നത്.
സെല്ലില്‍ ആചാരപ്രകാരം ആവശ്യമുള്ള സാധനങ്ങള്‍ ആവശ്യമുണ്ടോ എന്ന് ഏജന്‍സി ചോദിച്ചതിനെത്തുടര്‍ന്ന് റാണ ഒരു ഖുറാനും പേനയും ഒരു കടലാസും ആവശ്യപ്പെട്ടു.
'അയാള്‍ ഖുര്‍ആനിന്റെ ഒരു പകര്‍പ്പ് ആവശ്യപ്പെട്ടു, അത് ഞങ്ങള്‍ നല്‍കി. അയാള്‍ സെല്ലില്‍ അഞ്ച് തവണ നമസ്‌കരിക്കുന്നത് കാണാം,' ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് പറഞ്ഞു.
ഭീകരാക്രമണത്തിന് മുമ്പ് റാണ കണ്ടുമുട്ടിയ ആളുകളെക്കുറിച്ചും അന്വേഷണ ഏജന്‍സി അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്.
ഇതിനുപുറമെ, ദുബായില്‍ വെച്ച് കണ്ടുമുട്ടിയ ആളെക്കുറിച്ചും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും, അയാള്‍ക്ക് ആക്രമണങ്ങളെക്കുറിച്ച് അറിയാമായിരുന്നിരിക്കാമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.