മുംബൈ ഭീകരാക്രമണത്തിന് തൊട്ടുമുൻപ് റാണ കൊച്ചിയിൽ വന്നതെന്തിന് ? ആക്രമണം നടത്താനോ തീവ്രവാദ റിക്രൂട്ട്മെന്റിനോ. അമേരിക്ക വിട്ടുനൽകിയ റാണയിൽ നിന്ന് ഉത്തരം തേടി കേന്ദ്ര ഏജൻസികൾ. മുംബൈ ഭീകരാക്രമണത്തിലെ കേരളാ ബന്ധം ഇനി ചുരുളഴിയും. ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ ആസൂത്രണം കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള താജ് റെസിഡൻസിയിലോ?

കേരളത്തിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നോ, ഇവിടെ നിന്ന് തീവ്രവാദ റിക്രൂട്ട്മെന്റിന് ശ്രമിച്ചോ എന്നതെല്ലാം ഇനി കണ്ടെത്തണം

New Update
Tahawwur Rana on way to India on special flight, to be kept in Tihar jail

തിരുവനന്തപുരം: അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ തഹാവൂർ ഹുസൈൻ റാണയിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്താനിരിക്കുന്ന പ്രധാന കാര്യം അയാൾ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് എന്തിനാണ് കൊച്ചിയിൽ വന്നതെന്നാണ്. 2008 നവംബർ 26നാണ് മുംബൈ ആക്രമണം നടക്കുന്നത്.

Advertisment

അതേ മാസം 16,17 തീയതികളിലാണ് റാണ കൊച്ചിയിൽ എത്തിയത്. മറൈന്‍ ഡ്രൈവിലുള്ള താജ് റെസിഡന്‍സിയിൽ ഒറ്റ ദിവസം തങ്ങി, പിറ്റേന്ന് മടങ്ങുകയായിരുന്നു. അമേരിക്കൻ ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തെങ്കിലും കൊച്ചി യാത്രയുടെ യഥാർത്ഥ ഉദ്ദേശം റാണ വെളിപ്പെടുത്തിയിരുന്നില്ല.


കേരളത്തിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നോ, ഇവിടെ നിന്ന് തീവ്രവാദ റിക്രൂട്ട്മെന്റിന് ശ്രമിച്ചോ എന്നതെല്ലാം ഇനി കണ്ടെത്തണം. മുംബൈയെപ്പോലെ കടൽമാർഗം കടന്നുകയറാൻ കഴിയുന്ന സ്ഥലമാണ് കൊച്ചി എന്നതും അന്വേഷണത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതാണ്.

A

എമിഗ്രേഷന്‍ കണ്‍സള്‍ട്ടൻസി ബിസിനസ് നടത്തുന്ന താൻ ആളുകളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യാനായാണ് കൊച്ചിയിലെത്തിയതെന്നാണ് റാണ ഇതുവരെ ഏജൻസികളോടെല്ലാം പറഞ്ഞിട്ടുള്ളതത്. വിദേശ റിക്രൂട്ട്‌മെൻ്റ് അറിയിച്ച് ഒരു ഇംഗ്ലീഷ് പത്രത്തില്‍ പരസ്യം കൊടുത്ത ശേഷമായിരുന്നു വരവ്.

 ഫസ്റ്റ് വേള്‍ഡ് എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് എന്നാണ് പത്രപരസ്യത്തിൽ സ്ഥാപനത്തിന്റെ പേര് കാണിച്ചിരുന്നത്. ഇത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനാണ് എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഗമനം.

റാണയെക്കുറിച്ച് എൻ.ഐ.എ കൊച്ചിയിൽ വിശദമായ അന്വേഷണം നടത്തിയിരുന്നു. വിദേശികളുടെ താമസം സംബന്ധിച്ച് താജ് ഹോട്ടല്‍ അധികൃതര്‍ പോലീസിന് കൈമാറിയ വിവരങ്ങളില്‍ നിന്നാണ് റാണ കേരളത്തിൽ എത്തിയ വിവരം സ്ഥിരീകരിച്ചത്.


ഈ വിവരങ്ങൾ അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐയ്ക്ക് കൈമാറിയിരുന്നു. റാണ പാകിസ്താന്‍ വംശജനാണെന്നും കാനഡിയില്‍ സ്ഥിരതാമസക്കാരൻ ആണെന്നുമാണ് ഹോട്ടലില്‍ നിന്നും കൊടുത്ത സി-ഫോമില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ റാണയുടെ കൊച്ചി സന്ദർശനത്തിന്  മുംബൈ ഭീകരാക്രമണവുമായുള്ള ബന്ധം ഇനി കണ്ടെത്താനാവുമെന്നാണ് ഇന്ത്യൻ ഏജൻസികൾ പ്രതീക്ഷിക്കുന്നത്.


കൊച്ചിയിൽ റാണ ആരെയൊക്കെ കണ്ടു എന്നതും ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷേ, റാണ കൊച്ചിയിൽ എത്തിയിരുന്നതായി അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള സ്ഥിരീകരിച്ചിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഭാര്യയ്ക്കൊപ്പമെത്തി നാലുദിവസം കൊച്ചിയിൽ തങ്ങിയെന്നും വിവരമുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തിലെ രണ്ടാം പ്രതിയാണ് റാണ.

nia

ഹെഡ്ലി എന്ന് പേരുമാറ്റിയ ദാവൂദ് സെയ്ദ് ഗീലാനി, പാക്കിസ്ഥാനിലെ സൈനിക മേധാവിമാർ, തീവ്രവാദ സംഘടനകളുടെ തലവന്മാർ എന്നിവരടക്കം ഒൻപത് പേരെയാണ് എൻഐഎ പ്രതി ചേർത്തത്. നേരിട്ട് ആക്രമണത്തിൽ പങ്കെടുത്ത അജ്മൽ കസബിനെ 2012 നവംബർ 21ന് തൂക്കിലേറ്റി.

പാകിസ്ഥാനിലെ സൈനിക ഡോക്ടര്‍ ആയിരുന്ന ഇയാള്‍ പിന്നീട് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം നേടുകയും ചെയ്തു. തുടര്‍ന്ന് അമേരിക്കയിലെ ഷിക്കാഗോയില്‍ എത്തി ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സെന്റ‌ എന്ന സ്ഥാപനം ആരംഭിച്ചു.

ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി ഭീകരര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


ഡെൻമാർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒരു കേസിലും ലഷ്‌കർ ഭീകരർക്ക് സഹായം നൽകിയ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാണയെ 2013ൽ ഷിക്കാഗോ കോടതി 14 വർഷം തടവിന് വിധിച്ചിരുന്നു. 


റാണ മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്തതിന് ‘ഉയർന്ന ക്ലാസ്’ മെഡൽ മാത്രമല്ല, കൊല്ലപ്പെട്ട ഒൻപത് എൽഇടി ആക്രമണകാരികൾക്ക് പാക്കിസ്ഥാന്റെ ഉയർന്ന സൈനിക ബഹുമതി നൽകണമെന്നും ആവശ്യപ്പെട്ടതായി യുഎസ് സർക്കാർ ഫെഡറൽ കോടതിയെ അറിയിച്ചിരുന്നു.

26/11 plotter Tahawwur Rana to be brought back to India tomorrow morning

ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ ചുരുളഴിക്കാനുള്ള ഇന്ത്യയുടെ അവസരമാണ് ഇനി. കടൽ വഴി ബോട്ടിലെത്തിയ 10 ലഷ്കർ ഭീകരർ 2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, താജ്– ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്.


60 മണിക്കൂറോളം നീണ്ട ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെട്ടു.  എൻ.ഐ.എ കുറ്റപത്രം പ്രകാരം ഹെഡ്‌ലി, റാണ, ലഷ്‌കർ ഇ തയ്ബ സ്ഥാപകൻ സാക്കിയുർ റഹ്‌‌മാൻ തുടങ്ങിയവർ ചേർന്നാണ് മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്‌തത്.


ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ സന്ദർശിച്ചതും ഭീകരർക്ക് സാമ്പത്തിക, യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കിയതും റാണയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

യു.എസ് അന്വേഷണ ഏജൻസി എഫ്.ഐ.ബി 2009 ഒക്‌‌ടോബറിൽ ഹെഡ്ലിയെയും റാണയെയും അറസ്റ്റു ചെയ്‌തു. റാണയെ വിട്ടുകിട്ടിയതോടെ മുംബൈ ഭീകരാക്രമണക്കേസിലെ കേരളാ ബന്ധത്തിന്റെ ചുരുളഴിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്.