റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി നിർണ്ണായക നീക്കം

ഭീകരവാദ കുറ്റങ്ങളുടെ പേരിലല്ല, മറിച്ച് പൗരത്വത്തിനായി അപേക്ഷിച്ചപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന കാരണത്താലാണ് റാണയുടെ പൗരത്വം റദ്ദാക്കുന്നത്.

New Update
Untitled

ഡല്‍ഹി: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യാഴാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, 2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ തഹാവുര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കനേഡിയന്‍ മാധ്യമമായ 'ഗ്ലോബല്‍ ന്യൂസ്' ആണ് ഈ വിവരം പുറത്തുവിട്ടത്.

Advertisment

ഭീകരവാദ കുറ്റങ്ങളുടെ പേരിലല്ല, മറിച്ച് പൗരത്വത്തിനായി അപേക്ഷിച്ചപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന കാരണത്താലാണ് റാണയുടെ പൗരത്വം റദ്ദാക്കുന്നത്.


1997-ല്‍ കാനഡയിലേക്ക് കുടിയേറിയ റാണ, 2000-ല്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ കഴിഞ്ഞ നാല് വര്‍ഷം താന്‍ കാനഡയില്‍ തന്നെയായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയമത്രയും അദ്ദേഹം അമേരിക്കയിലെ ചിക്കാഗോയിലായിരുന്നു താമസമെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

കാനഡയുടെ നിയമങ്ങളോടുള്ള അനാദരവും ബോധപൂര്‍വ്വമായ വഞ്ചനയുമാണ് റാണ കാണിച്ചതെന്ന് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കി.

പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരനാണ് 64-കാരനായ റാണ. മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായിയായിരുന്നു ഇയാള്‍.

2025 ഏപ്രിലില്‍ അമേരിക്ക ഇന്ത്യക്ക് കൈമാറിയ റാണ ഇപ്പോള്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലാണ്.


റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നീക്കത്തിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫെഡറല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. പൗരത്വം റദ്ദാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ഫെഡറല്‍ കോടതിയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കാനഡ ഇത്തരത്തില്‍ പൗരത്വം റദ്ദാക്കുന്നത് ഇത് നാലാമത്തെ തവണ മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ സന്ദര്‍ശന വേളയില്‍ ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളും നയതന്ത്ര ബന്ധങ്ങളും ചര്‍ച്ചയാകാനിരിക്കെ, കാനഡയുടെ ഈ നീക്കം വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്.

Advertisment