ഇറങ്ങുന്ന വഴി ട്രെയിനിലെ ഫസ്റ്റ് എസി കോച്ചിൽ നിന്ന് ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിച്ചു; ഭുവനേശ്വറിൽ കുടുംബത്തെ കയ്യോടെ പിടികൂടി, വീഡിയോ വൈറൽ

New Update
trainn

ഭുവനേശ്വർ: ട്രെയിനിലെ ഫസ്റ്റ് എസി കോച്ചിൽ നിന്ന് ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിച്ച് കുടുംബം. പുരുഷോത്തം എക്സ്പ്രസ്സിൽ നിന്ന് യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് സംഭവം. ഇവരുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Advertisment

ഇന്ത്യൻ റെയിൽവേയിലെ തിരക്ക്, ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം തുടങ്ങിയ വിഷയങ്ങൾ നിരന്തരം ചർച്ചയാകുമ്പോൾ, യാത്രക്കാർ തന്നെ റെയിൽവേയുടെ വസ്തുവകകൾ മോഷ്ടിക്കുന്ന സംഭവം ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.


യാത്രക്കാരുടെ സൗകര്യത്തിനായി നൽകിയിരുന്ന ബെഡ്ഷീറ്റുകളും ടവലുകളും വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കുടുംബത്തെ റെയിൽവേ ജീവനക്കാർ ചോദ്യം ചെയ്യുകയായിരുന്നു.


ചോദ്യം ചെയ്യലിൽ, തങ്ങൾക്ക് “തെറ്റ് പറ്റിയതാണ്” എന്ന് പറഞ്ഞ് കുടുംബം രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പ്ലാറ്റ്‌ഫോമിൽ വെച്ചാണ് ഈ സംഭവം നടന്നത്, ഇത് മറ്റ് യാത്രക്കാരുടെയും ശ്രദ്ധ ആകർഷിച്ചു.

@bapisahoo എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. “പുരുഷോത്തം എക്സ്പ്രസ്സിന്റെ ഫസ്റ്റ് എസിയിൽ യാത്ര ചെയ്യുന്നത് അഭിമാനകരമാണ്. എന്നിട്ടും, യാത്രയിലെ സുഖസൗകര്യങ്ങൾക്കായി നൽകുന്ന ബെഡ്ഷീറ്റുകൾ മോഷ്ടിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ മടിക്കാത്ത ആളുകളുമുണ്ട്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ 1.41 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ദേഷ്യവും നിരാശയും പ്രകടിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. “ഇവർക്കെതിരെ നടപടിയെടുക്കണം”, “ലജ്ജാകരം”, “ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന പ്രവൃത്തി” എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ചിലർ ഇത്തരം മോഷണങ്ങൾ തടയാൻ പുതിയ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. യാത്ര തുടങ്ങുമ്പോൾ ഒരു നിശ്ചിത തുക ഡെപ്പോസിറ്റായി വാങ്ങി, യാത്രക്ക് ശേഷം തിരികെ നൽകുന്ന രീതി നടപ്പാക്കണമെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.

മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകിയാൽ മാത്രം പോരാ, ഇതൊരു ക്രിമിനൽ കുറ്റമായി കണ്ട് പിഴ ചുമത്തണമെന്നും ശക്തമായ വാദങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യൻ റെയിൽവേ സംഭവത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Advertisment