പട്ടായ: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്ന യാത്രക്കാരൻ അറസ്റ്റിൽ. കനേഡിയൻ പൗരനാണ് അറസ്റ്റിലായത്. തായ്‌ലാൻഡിലെ വടക്കൻ മേഖലയിലെ ചിയാംഗ് മായ് നഗരത്തിലാണ് സംഭവം. യുവാവിനെതിരെ വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
ചിയാംഗ് മായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലെ സുവർണ ഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ച ടിജി121 വിമാനത്തിലാണ് ഇയാൾ സാഹസം കാണിച്ചത്. വിമാനത്തിന്റെ പ്രധാന വാതിൽ തുറന്നതോടെ, അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തന സജ്ജമാകുന്ന ആളൊഴിപ്പിക്കാനുള്ള സംവിധാനങ്ങളും പ്രവർത്തിക്കുകയായിരുന്നു.
എയർ ബസ് എ 320 വിഭാഗത്തിലുള്ളതാണ് വിമാനം. വിമാനത്തിന്റെ ഇവാക്വേഷൻ സ്ലൈഡുകൾ തുറന്നതോടെ വിമാനം റൺവേയിൽ നിന്ന് ഉടനടി മാറ്റാനാവാതെ വന്നു.ആളപായമൊന്നും ഉണ്ടായില്ല. ഒരു ദിവസം വൈകിയാണ് വിമാനം പുറപ്പെട്ടത്. ഈ സമയത്ത് ലാൻഡിംഗ് ചെയ്യാനിരുന്നതും ടേക്ക് ഓഫിനിരുന്നതുമായ വിമാന സർവീസുകൾക്ക് തടസം നേരിട്ടു.
13 വിമാനങ്ങളുടെ സർവീസിനെയാണ് ഇത് ബാധിച്ചതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഈ വിമാനം റൺവേയിൽ നിന്നും മാറ്റുന്നത് വരെ ലാൻഡ് ചെയ്യാനിരുന്ന എട്ട് വിമാനങ്ങൾ വിമാനത്താവളത്തിന് ചുറ്റും വലയം ചെയ്യേണ്ടി വന്നു. രണ്ടായിരത്തിലധികം യാത്രക്കാർ ഈ സംഭവം മൂലം ബുദ്ധിമുട്ടിലായെന്നും അധികൃതർ വ്യക്തമാക്കുന്നു.
കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് വധശിക്ഷയോ ജീവപര്യന്തമോ 20 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ, 20 ലക്ഷത്തോളം രൂപയും ഇയാളിൽ നിന്ന് ഈടാക്കും. ഇയാൾ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.