ഡല്‍ഹി: പഞ്ചാബി ചലച്ചിത്ര നടി ടാനിയയുടെ പിതാവ് ഡോ. അനില്‍ജിത് കംബോജ് വെടിവെപ്പിന് ഇരയായി. ഹാര്‍ബന്‍സ് നഴ്‌സിംഗ് ഹോമില്‍ നടന്ന ആക്രമണത്തില്‍ ഡോക്ടര്‍ അനില്‍ജിത് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസ് സ്റ്റേഷനില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള ഹാര്‍ബന്‍സ് നഴ്‌സിംഗ് ഹോമിലാണ് സംഭവം നടന്നത്. രാവിലെ 11 മണിയോടെ, വയറുവേദനയ്ക്കുള്ള മരുന്ന് ചോദിച്ച് രണ്ട് യുവാക്കള്‍ നഴ്‌സിംഗ് ഹോമില്‍ എത്തി.
മരുന്ന് വാങ്ങിയ ശേഷം ഇരുവരും പോയി. മണിക്കൂറിനകം വീണ്ടും എത്തി, ഡോ. അനില്‍ജിത്തിന് നേരെ വെടിയുതിര്‍ത്തു.
രണ്ട് വെടിയുണ്ടകള്‍ ഏറ്റതോടെ ഡോക്ടര്‍ അനില്‍ജിത് നിലത്ത് വീണു. ആക്രമണത്തിന് ശേഷം യുവാക്കള്‍ ഓടി രക്ഷപ്പെട്ടു.
നഴ്‌സിംഗ് ഹോമിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്ത് അന്വേഷണം ആരംഭിച്ചു.
ടാനിയയും കുടുംബവും മാധ്യമങ്ങള്‍ അവരുടെ സ്വകാര്യത മാനിക്കണമെന്നും, അനാവശ്യ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.