കൊല്‍ക്കത്ത: അടുത്ത വര്‍ഷം ബംഗാളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും വലിയ തിരിച്ചടി.
സുവേന്ദുവിന്റെ അടുത്ത അനുയായിയായ തപസി മണ്ഡല്‍ ബിജെപി വിട്ട് ടിഎംസിയില്‍ ചേര്‍ന്നു. കിഴക്കന്‍ മേദിനിപൂരിലെ ഹാല്‍ദിയ സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് തപസി. തപസി മണ്ഡല്‍ ബിജെപി വിടുന്നതോടെ, ഹാല്‍ദിയ സീറ്റില്‍ ബിജെപിയുടെ സ്വാധീനം ദുര്‍ബലമാകും.
കിഴക്കന്‍ മേദിനിപൂര്‍ ജില്ലയിലെ പ്രധാന വ്യവസായ കേന്ദ്രമാണ് ഹാല്‍ദിയ. ഈ പ്രദേശം സുവേന്ദു അധികാരിയുടെ കുടുംബത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നു. ഈസ്റ്റ് മേദിനിപൂര്‍ മേഖലയില്‍ 16 സീറ്റുകളുണ്ട്. ഇതില്‍ ഏഴ് സീറ്റുകള്‍ ബിജെപിയും ഒമ്പത് സീറ്റുകള്‍ ടിഎംസിയും 2021 ല്‍ നേടി.
സുവേന്ദു അധികാരിയുടെ നന്ദിഗ്രാം സീറ്റ് ഇതിന് കീഴിലാണ് വരുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, ഈ മേഖലയില്‍ രണ്ട് പാര്‍ലമെന്ററി സീറ്റുകള്‍ ബിജെപി നേടി 15 നിയമസഭാ സീറ്റുകളില്‍ മുന്നിലായിരുന്നു.
തപ്സി മണ്ഡല്‍ പാര്‍ട്ടിയില്‍ ചേരുന്നതോടെ ടിഎംസി ഇവിടെ കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃണമൂലില്‍ ചേരുന്ന ആദ്യത്തെ ബിജെപി എംഎല്‍എയല്ല തപസി മണ്ഡല്‍. പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്ക് നടന്ന 2021 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 77 സീറ്റുകള്‍ നേടി, അതിനുശേഷം അവരുടെ 12 എംഎല്‍എമാര്‍ പാര്‍ട്ടി മാറി.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബാരക്പൂരില്‍ നിന്നുള്ള അര്‍ജുന്‍ സിംഗ് ബിജെപിയിലേക്ക് മടങ്ങിയെങ്കിലും മറ്റ് രണ്ട് ബിജെപി എംപിമാര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു.
2016ല്‍ കോണ്‍ഗ്രസ് പിന്തുണയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ത്ഥിയായി തപസി മണ്ഡല്‍ ഹാല്‍ദിയ സീറ്റില്‍ നിന്ന് വിജയിച്ചിരുന്നു.