/sathyam/media/media_files/2025/08/07/tariffuntitledtarif-2025-08-07-12-42-34.jpg)
ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ കൂടി ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍.
നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരം ആണെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതി വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയും ഊര്‍ജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയുമാണ്. അതുകൊണ്ടു തന്നെ യുഎസ് നടപടി അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സമീപകാലത്ത്, റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ യുഎസ് ലക്ഷ്യംവെക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ ഇറക്കുമതി, വിപണിയിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് ഊര്‍ജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ഉള്ളതാണ്. മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ചെയ്യുന്ന അതേ നടപടികളുടെ പേരില്‍ ഇന്ത്യക്കുമേല്‍ അധികതീരുവ ചുമത്തിയ യുഎസ് നടപടി അത്യന്ത്യം ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.