ഡൽഹി: മദ്യപിച്ച് വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത അധ്യാപകന് സസ്‌പെൻഷൻ. ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം.
നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പശുപതിപൂർ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകനായ ലക്ഷ്മി നാരായൺ സിംഗിനെതിരെയാണ് നടപടി.
ക്ലാസിൽ വിദ്യാർഥിനികൾക്കൊപ്പം മദ്യപിച്ച് നൃത്തം ചെയ്യുന്ന അധ്യാപകനെ കാണാം. കൂടെ ജോലിചെയ്യുന്ന സഹ അധ്യാപകരിൽ ഒരാളാണ് വീഡിയോ പകർത്തിയതെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്.
സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്കൂളിലെ വിദ്യാർഥികളിൽ ചിലർ പരാതിയുമായി രംഗത്തെത്തി. അധ്യാപകൻ സ്ഥിരമായി മദ്യപിച്ചാണ് വിദ്യാലയത്തിൽ എത്തുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തക്കതായ കരണങ്ങൾ ഇല്ലാതെ തങ്ങളെ തല്ലുമെന്നും വിദ്യാർഥികൾ പറഞ്ഞു.
വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡിഎൻ മിശ്ര സംഭവത്തിൽ ഉടനടി നടപടി സ്വീകരിച്ചു. വിദ്യാർഥികൾ നൽകിയ പരാതികളും കണക്കിലെടുത്ത് പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.