മംഗളൂരു: റായ്ച്ചൂർ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനെ ജോലി സമയത്ത് സ്കൂൾ പരിസരത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു.
മാസ്കി താലൂക്കിലെ ഗൊണാൽ ക്യാമ്പിലുള്ള അംബാദേവി നഗർ ഗവ. ലോവർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി. നിങ്കപ്പക്കെതിരെയാണ് നടപടി.
വ്യാഴാഴ്ചയാണ് സ്കൂളിലെ ഉച്ചഭക്ഷണ മുറിക്ക് പുറത്ത് വരാന്തയിൽ ഇദ്ദേഹം മദ്യപിച്ച് ഉറങ്ങുകയായിരുന്നു. ഇത് കണ്ടവർ ദൃശ്യം മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ഇതോടെ സിന്ദനൂരിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബി.ഇ.ഒ), ക്ലസ്റ്റർ റിസോഴ്‌സ് പേഴ്‌സൺ (സി.ആർ.പി), ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ (ബി.ആർ.പി), വിദ്യാഭ്യാസ കോർഡിനേറ്റർമാർ എന്നിവരിൽനിന്ന് അധികൃതർ റിപ്പോർട്ടുകൾ തേടി. തുടർന്ന് വെള്ളിയാഴ്ച ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
നിങ്കപ്പ ദിവസവും മദ്യപിച്ചാണ് സ്കൂളിൽ വരാറെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും ആരോപിച്ച് രക്ഷിതാക്കൾ നേരത്തെ നിരവധി പരാതികൾ നൽകിയിരുന്നു. പക്ഷേ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.