ബംഗളൂരുവിൽ നടുക്കം: വിരമിച്ച നേവി ഉദ്യോഗസ്ഥനെയും ഡോക്ടറായ ഭാര്യയെയും മകൻ കുത്തിക്കൊന്നു

ബുധനാഴ്ച രാവിലെ 7:30 ഓടെ എച്ച്.എ.എല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇവരുടെ ഫ്‌ലാറ്റിലായിരുന്നു സംഭവം.

New Update
Untitled

ബംഗളൂരു: നഗരത്തെ ഞെട്ടിച്ച് വിഘ്‌നന്‍ നഗറില്‍ വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും മകന്‍ കുത്തിക്കൊലപ്പെടുത്തി. വിരമിച്ച നേവി ക്യാപ്റ്റന്‍ നവീന്‍ ചന്ദ്ര ഭട്ട് (60), ദന്തഡോക്ടറായ ഭാര്യ ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകനും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ രോഹന്‍ ചന്ദ്ര ഭട്ടിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

ബുധനാഴ്ച രാവിലെ 7:30 ഓടെ എച്ച്.എ.എല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇവരുടെ ഫ്‌ലാറ്റിലായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.


മാതാപിതാക്കളെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രോഹന്‍ ഒളിക്കാന്‍ ശ്രമിച്ചു. അയല്‍വാസിയും മണിപ്പാല്‍ ഹോസ്പിറ്റലിലെ ഡോക്ടറുമായ മാധവി നായര്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 8:15 ഓടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.


കൊല്ലപ്പെട്ട ദമ്പതികളുടെ മകള്‍ അമേരിക്കയിലാണ്. അവര്‍ എത്തിയതിനുശേഷം മാത്രമേ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി വിട്ടുനല്‍കുകയുള്ളൂ. നിലവില്‍ മൃതദേഹങ്ങള്‍ ബൗറിംഗ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


കുടുംബത്തിനുള്ളിലെ തര്‍ക്കം ഇത്രയും ക്രൂരമായ ഒരു കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനായി ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisment