/sathyam/media/media_files/2026/02/09/untitled-2026-02-09-15-40-45.jpg)
പട്ന: തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജനശക്തി ജനതാദള്‍ അധ്യക്ഷന്‍ തേജ് പ്രതാപ് യാദവ്.
തന്റെ മുന്‍ 'പങ്കാളി' എന്ന് പറയപ്പെടുന്ന അനുഷ്‌ക യാദവുമായുള്ള ബന്ധവും തനിക്ക് കുട്ടിയുണ്ടെന്ന വാര്‍ത്തകളും അദ്ദേഹം ശക്തമായി നിഷേധിച്ചു. പട്നയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് തേജ് പ്രതാപ് ആരോപിച്ചു. 'എനിക്കെതിരെ വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ട്. ചില 'ജയചന്ദുമാര്‍' (ഒറ്റുകാര്‍) എന്നെ അപമാനിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.
മഹുവയില്‍ നിന്നുള്ള മുന്‍ ആര്‍ജെഡി എംഎല്‍എ മുകേഷ് റോഷന്‍ തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. കൂടാതെ സഞ്ജയ് യാദവ്, ശക്തി സിംഗ്, സുനില്‍ സിംഗ് എന്നിവരും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്ന് അദ്ദേഹം പേരെടുത്ത് പറഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തേജ് പ്രതാപ് മുന്നറിയിപ്പ് നല്‍കി.
ബിഹാര്‍ ആഭ്യന്തര മന്ത്രി സമ്രാട്ട് ചൗധരിയോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
നിരന്തരമായ അപവാദ പ്രചാരണങ്ങളിലൂടെ തന്നെ വിഷാദരോഗത്തിലേക്ക് തള്ളിയിടാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us