ഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിക്കായി ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. കായികരംഗത്ത് നിന്ന് രാഷ്ട്രീയം മാറ്റി നിര്‍ത്തണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തുകൊണ്ട് ബഹുരാഷ്ട്ര ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീമിന് അതിര്‍ത്തി കടന്നുകൂടാ എന്ന് ആര്‍ജെഡി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ തേജസ്വി യാദവ് ചോദിച്ചു.
കായികരംഗത്ത് രാഷ്ട്രീയം പാടില്ല. പാകിസ്ഥാന്‍ നമ്മുടെ രാജ്യത്തേക്ക് വരണം, നമ്മുടെ കളിക്കാരും അവിടെ പോകണം. കായികരംഗത്ത് എന്തിനാണ് പ്രശ്‌നം? ഒരു യുദ്ധം നടക്കുന്നത് പോലെയല്ല ഇത്.
എന്തുകൊണ്ട് ഇന്ത്യയ്ക്ക് പാകിസ്ഥാനിലേക്ക് പോയിക്കൂടാ? പ്രധാനമന്ത്രി മോദി ബിരിയാണി കഴിക്കാന്‍ പാകിസ്ഥാനിലേക്ക് പോകുന്നത് നല്ല കാര്യമായി കണക്കാക്കപ്പെടുന്നു, എന്നാല്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് കളിക്കാന്‍ പോയാല്‍ അത് തെറ്റായി കാണുന്നു. ഇത് ശരിയല്ല, തേജസ്വി പറഞ്ഞു.
2015ല്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കാണാന്‍ പ്രധാനമന്ത്രി മോദി ലാഹോറില്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു ആര്‍ജെഡി നേതാവിന്റെ പരാമര്‍ശം.