തെലങ്കാന: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം.
10 തൊഴിലാളികള്‍ മരിച്ചതായും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായുമാണ് വിവരം. പട്ടാഞ്ചരുവിലെ സിഗാച്ചി കെമിക്കല്‍സ് പ്ലാന്റിലാണ് അപകടം നടന്നത്. പതിവ് പ്രവര്‍ത്തനത്തിനിടെ ഒരു റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണം എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സ്‌ഫോടനത്തെ തുടര്‍ന്ന് ഫാക്ടറി വളപ്പില്‍ വന്‍ തീപിടുത്തമുണ്ടായി. അടിയന്തര രക്ഷാപ്രവര്‍ത്തന സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശം പോലീസ് കര്‍ശനമായി വളഞ്ഞു, തീ കൂടുതല്‍ പടരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു.
സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കാനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ ആകെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല.