ദുബായ്: ദുബായ് ബേക്കറിയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പാകിസ്ഥാന്‍ പൗരന്‍ നടത്തിയ ആക്രമണത്തില്‍ തെലങ്കാന സ്വദേശികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്നാമന് പരിക്കേല്‍ക്കുകയും ചെയ്തു.
നിര്‍മ്മല്‍ ജില്ലയിലെ സോന്‍ ഗ്രാമത്തില്‍ നിന്നുള്ള അഷ്ടപു പ്രേംസാഗര്‍ (35) നെ വാളുകൊണ്ട് വെട്ടിക്കൊന്നുവെന്ന് വിവരം ലഭിച്ചതായി അമ്മാവന്‍ എ പോഷെട്ടി പി.ടി.ഐയോട് പറഞ്ഞു. ഇരകള്‍ ജോലി ചെയ്തിരുന്ന ബേക്കറിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷമായി പ്രേംസാഗര്‍ ബേക്കറിയില്‍ ജോലി ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹം അവസാനമായി കുടുംബത്തെ സന്ദര്‍ശിച്ചതെന്ന് പോഷെട്ടി പറഞ്ഞു.
ഭാര്യയും രണ്ട് കുട്ടികളും പ്രേംസാഗറിനുണ്ട്. ദുരന്തത്തെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കണമെന്നും പോഷെട്ടി പറഞ്ഞു.
പ്രേംസാഗറിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സഹായം നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, മരിച്ച രണ്ടാമത്തെയാള് നിസാമാബാദ് ജില്ലയില്‍ നിന്നുള്ള ശ്രീനിവാസ് ആണെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ സാഗര്‍ എന്ന മൂന്നാമത്തെ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച റെഡ്ഡി, മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള സഹായത്തിനായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ചതായി പറഞ്ഞു.