/sathyam/media/media_files/2025/11/03/1001378473-2025-11-03-14-01-21.jpg)
രംഗറെഡ്ഡി (തെലങ്കാന): തെലങ്കാന രംഗറെഡ്ഡിക്കു സമീപം യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തുമാസം പ്രായമുള്ള കുഞ്ഞും അമ്മയും ഉൾപ്പെടെ 20 പേർ മരിച്ചെന്ന് പോലീസ്. 18 പേർക്കു പരിക്കേറ്റു.
പരിക്കേറ്റ പലരുടെയും നില ഗുരതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്കു മാറ്റി.
മരിച്ചവരിൽ ബസിന്‍റെയും ലോറിയുടെയും ഡ്രൈവർമാരും നിരവധി സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടുന്നു.
ഇവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിച്ചു.
രംഗ റെഡ്ഡിയിലെ ചെവല്ല മണ്ഡലിലെ മിർസാഗുഡ ഗ്രാമത്തിനു സമീപം ഇന്നു രാവിലെയാണ് ദാരുണാപകടമുണ്ടായത്.
ചെവല്ലയിൽനിന്നു ചരൽ കയറ്റി വന്ന ടിപ്പർ ലോറി, ഹൈദരാബാദിലേക്കു സഞ്ചരിക്കുകയായിരുന്ന തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ആർടിസി) ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് പൂർണമായും തകർന്നു.
മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നു രക്ഷാപ്രവർത്തനം നടത്തുകയാണ്.
ലോറി ഡ്രൈവറുടെ അമിത വേഗതയും നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തണ്ടൂരിൽനിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ആർടിസി ബസിൽ 70 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവരിൽ ഭൂരിഭാഗവും വിദ്യാർഥികളും ഓഫീസ് ജീവനക്കാരുമാണ്.
വാരാന്ത്യത്തിനുശേഷം ഹൈദരാബാദിലേക്കു മടങ്ങുന്നവരാണ് ഏറെയും.
അപകടത്തെത്തുടർന്ന് ഹൈദരാബാദ്-ബിജാപുർ ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു, ചെവല്ല-വികരാബാദ് റൂട്ടിലുടനീളം വാഹനങ്ങൾ കുടുങ്ങി. അപകടവിവരം ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.
ബസ് കണ്ടക്ടർ, ഉൾപ്പെടെ 15 യാത്രക്കാരെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് ചെവല്ല പോലീസ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടയിൽ ചെവല്ല സർക്കിൾ ഇൻസ്പെക്ടർ ഭൂപാൽ ശ്രീധറിനു പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രയിലേക്കു മാറ്റി.
ദുരന്തത്തിൽ കടുത്ത നടുക്കം രേഖപ്പെടുത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും അടിയന്തരമായി ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു, പോലീസ് ഡയറക്ടർ ജനറൽ ബി. ശിവധർ റെഡ്ഡി എന്നിവർക്കു നിർദ്ദേശം നൽകി.
പരിക്കേറ്റ എല്ലാവരെയും വൈകാതെ മെച്ചപ്പെട്ട വൈദ്യചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റാൻ അദ്ദേഹം ഉദ്യോഗസ്ഥരോടു നിർദ്ദേശിച്ചു.
മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ച മുഖ്യമന്ത്രി, അപകടസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ നിർദ്ദേശിച്ചു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us