ഡൽഹിയിൽ ഭീകരാക്രമണ ജാഗ്രത: ചെങ്കോട്ടയ്ക്കും ക്ഷേത്രങ്ങൾക്കും നേരെ ലഷ്കർ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെടുകയും 20-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

New Update
Untitled

ഡല്‍ഹി: പഴയ ഡല്‍ഹിയിലെ തിരക്കേറിയ മതകേന്ദ്രങ്ങളെയും പൈതൃക സ്മാരകങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടന ലഷ്‌കര്‍-ഇ-തൊയ്ബ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്ത് സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Advertisment

ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ചാനി ചൗക്കിലെ ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്.


ഫെബ്രുവരി 6-ന് ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന് പ്രതികാരമായി ഇന്ത്യയില്‍ വലിയ ആക്രമണം നടത്താന്‍ ലഷ്‌കര്‍ ഓപ്പറേറ്റീവ്സ് നീക്കം നടത്തുന്നതായാണ് വിവരം. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങള്‍ ഇനിയും ഭീകരരുടെ ലക്ഷ്യമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പഴയ ഡല്‍ഹിയില്‍ നിരീക്ഷണം ശക്തമാക്കി. മതകേന്ദ്രങ്ങള്‍ക്കും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കും സമീപം കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും വാഹന പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഡല്‍ഹി കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ 2025 നവംബര്‍ 10-ലെ ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനത്തിന് മൂന്ന് മാസത്തിന് ശേഷമാണ് പുതിയ ജാഗ്രതാ നിര്‍ദ്ദേശം വരുന്നത്.


ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെടുകയും 20-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറായ ഉമര്‍ മുഹമ്മദ് ആണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഹരിയാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര ശൃംഖലയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.

Advertisment