ഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടുമുമ്പായി നാട്ടുകാരെ തീവ്രവാദികള്‍ തോക്കിന് മുനയില്‍ നിര്‍ത്തി ഭക്ഷണം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ആക്രമണസമയത്ത് ഭീകരര്‍ സൈനികരുടെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു.
തിങ്കളാഴ്ച കത്വ ജില്ലയിലെ ബദ്നോട്ട ഗ്രാമത്തിന് സമീപം പട്രോളിംഗ് സംഘത്തിന് നേരെ ഭീകരര്‍ പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഒരു മാസത്തിനിടെ ജമ്മു മേഖലയില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. 20 ലധികം പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ആക്രമണത്തെക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കി.