മുംബൈ: ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയും രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്നു വേദി പങ്കിടും.
പ്രൈമറി ക്ലാസുകളില്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതിന്റെ ആഘോഷച്ചടങ്ങിലാണ് പതിറ്റാണ്ടുകാലത്തെ പിണക്കം മറന്ന് താക്കറെ സഹോദരങ്ങള്‍ ഒന്നിക്കുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്.
എന്‍സിപി നേതാവ് സുപ്രിയ സുലെയും ഈ വേദിയില്‍ പങ്കെടുക്കും. മുംബൈയിലെ വോര്‍ളിയില്‍ മറാത്തി വിജയ് ദിവസ് ആഘോഷിക്കുന്നതിന്റെ പേരിലാണ് ഇന്ന് രണ്ട് സഹോദരന്മാരും വേദി പങ്കിടുന്നത്.
ഇരുവരും ഒരേ വേദിയില്‍ ഒരുമിച്ച് എത്തുന്നത് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് കാരണമാകുമോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ സഹോദരന്റെ പുത്രനാണ് രാജ്. ഉദ്ധവിനെ പിന്‍ഗാമിയാക്കാന്‍ ബാല്‍ താക്കറെ 2005ല്‍ തീരുമാനിച്ചതോടെയാണ് രാജ് ശിവസേന വിട്ടത്.
പരിപാടിയില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ കൊടിയോ, ചിഹ്നങ്ങളോ ഉണ്ടാകില്ലെന്നും പകരം മഹാരാഷ്ട്രയുടെ ഒരു ഗ്രാഫിക് ഇമേജ് ആയിരിക്കും റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പിടിക്കാന്‍ നല്‍കുക എന്നും സംഘാടകര്‍ വ്യക്തമാക്കി.