മുംബൈ: രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് ഒരു വേദിയിലെത്തി സഹോദരന്മാരായ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയും.
പ്രൈമറി ക്ലാസുകളില്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതിന്റെ ആഘോഷച്ചടങ്ങിലാണ് പതിറ്റാണ്ടുകാലത്തെ പിണക്കം മറന്ന് താക്കറെ സഹോദരങ്ങള്‍ ഒന്നിച്ചത്. ഒന്നിച്ചത് ഒരുമിച്ച് നില്‍ക്കാന്‍ വേണ്ടിയാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
'ഞങ്ങള്‍ ഒന്നിച്ചത് ഒരുമിച്ച് നില്‍ക്കാന്‍... മറാത്തിയെ സംരക്ഷിക്കാന്‍ ഒന്നിച്ചു,' ഉദ്ധവ് താക്കറെ പറഞ്ഞു. ബാലാസാഹിബിന് ചെയ്യാന്‍ കഴിയാത്തത് ഫഡ്നാവിസ് ചെയ്തു എന്നാണ് ഉദ്ധവുമായി വേദി പങ്കിട്ട ശേഷം രാജ് താക്കറെ പറഞ്ഞത്.
മൂന്ന് ഭാഷാ ഫോര്‍മുല പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ മറാത്തി സ്വത്വത്തിന്റെ വിജയമാണെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) മേധാവി രാജ് താക്കറെ വിശേഷിപ്പിച്ചു.
'ഹിന്ദിയ്ക്ക് പെട്ടെന്ന് ഇത്രയധികം പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ടാണ്? ഇത് ഭാഷയോടുള്ള സ്‌നേഹമല്ല, മറിച്ച് ഒരു അജണ്ടയാണ്. നമ്മുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഇത് ഞങ്ങള്‍ സഹിക്കില്ല.
നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുമ്പോള്‍, നമ്മുടെ മറാത്തി സ്വത്വത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നു.
എന്നാല്‍ ബിജെപി നേതാക്കള്‍ മിഷനറി സ്‌കൂളുകളില്‍ പഠിച്ചപ്പോള്‍ ആരും അവരുടെ ഹിന്ദുത്വത്തിനെതിരെ ഒരു വിരല്‍ പോലും ഉയര്‍ത്തിയില്ല. ഈ കാപട്യം അനുവദിക്കില്ല.' കേന്ദ്ര സര്‍ക്കാരിനെ ആക്രമിച്ചുകൊണ്ട് രാജ് താക്കറെ പറഞ്ഞു.