മഹാരാഷ്‌ട്രയില്‍ കൊടും ക്രൂരത; മൂന്നും നാലും വയസ് പ്രായമുള്ള നഴ്‌സറി വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായി, പ്രിൻസിപ്പലിന് സസ്‌പെൻഷൻ

മഹാരാഷ്‌ട്രയിലെ താനെയിലെ ഒരു സ്‌കൂളില്‍ വച്ച് മൂന്നും നാലും വയസ് പ്രായമുള്ള രണ്ട് നഴ്‌സറി വിദ്യാര്‍ഥികള്‍ പീഡനത്തിന് ഇരയായ സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ഉടലെടുത്തത്

New Update
 Thane School Sexual Assault Case

മുംബൈ: കൊല്‍ക്കത്തയ്‌ക്ക് പിന്നാലെ മഹാരാഷ്‌ട്രയിലും ലൈംഗിക പീഡനത്തെ തുടര്‍ന്നുള്ള പ്രതിഷേധം ശക്തമാകുന്നു.

Advertisment

മഹാരാഷ്‌ട്രയിലെ താനെയിലെ ഒരു സ്‌കൂളില്‍ വച്ച് മൂന്നും നാലും വയസ് പ്രായമുള്ള രണ്ട് നഴ്‌സറി വിദ്യാര്‍ഥികള്‍ പീഡനത്തിന് ഇരയായ സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ഉടലെടുത്തത്. സ്‌കൂള്‍ അറ്റൻഡറാണ് പെണ്‍കുട്ടികളെ ശുചിമുറിയില്‍ വച്ച് ഉപദ്രവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷൻ ഉപരോധിച്ച പ്രതിഷേധക്കാർ ട്രെയിനുകള്‍ തടഞ്ഞു. 

റെയിൽ ഉപരോധം ലോക്കൽ ട്രെയിനുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ജില്ലയിലെയും സമീപ ജില്ലകളിലെയും ആളുകളെ ബാധിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രതിഷേധക്കാരോട് ശാന്തത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

താനെ പൊലീസ് കമ്മീഷണറുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഷിൻഡെ വ്യക്തമാക്കി. കേസിന്‍റെ തുടര്‍നടപടികള്‍ വേഗത്തിലാക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മുതിർന്ന ഐപിഎസ് ഓഫിസർ ആരതി സിങ്ങിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നതിന് ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു.

കിൻ്റർഗാർഡനിൽ പഠിക്കുന്ന മൂന്നും നാലും വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച പ്രതിയായ അക്ഷയ് രമാ ഷിൻഡെയെ ഓഗസ്റ്റ് 17 ന് അറസ്റ്റ് ചെയ്‌തതായി താനെ പൊലീസ് പറഞ്ഞു. കുട്ടികള്‍ വിവരം അറിയിച്ചതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, സംഭവത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്‌കൂൾ പ്രിൻസിപ്പലിനെയും രണ്ട് ജീവനക്കാരെയും സസ്‌പെൻഡ് ചെയ്‌തു. പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, വനിത അറ്റൻഡർ എന്നിവരെയാണ് മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്‌തത്.

Advertisment