"കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കും, എങ്ങോട്ടുമില്ല"; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശശി തരൂർ; കേരളത്തിൽ യുഡിഎഫിനെ നയിക്കും

രാഹുല്‍ ഗാന്ധി വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള നേതാവാണെന്നും വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്ന അദ്ദേഹം രാജ്യത്തിന് വലിയ കരുത്താണെന്നും തരൂര്‍ വിശേഷിപ്പിച്ചു.

New Update
sasi tharoor-8

ഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പടര്‍ന്ന അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് തിരുവനന്തപുരം എംപി ശശി തരൂര്‍. താന്‍ കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ അദ്ദേഹം, കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മുന്‍നിരയില്‍ നിന്ന് നയിക്കുമെന്നും വ്യക്തമാക്കി.

Advertisment

പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടിക്കാഴ്ച വളരെ ക്രിയാത്മകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


രാഹുല്‍ ഗാന്ധി വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള നേതാവാണെന്നും വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്ന അദ്ദേഹം രാജ്യത്തിന് വലിയ കരുത്താണെന്നും തരൂര്‍ വിശേഷിപ്പിച്ചു.

 'എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ എന്നോട് മാത്രം ചോദിക്കുന്നത്? ഞാന്‍ കോണ്‍ഗ്രസില്‍ തുടരുമെന്ന് പറയേണ്ട ആവശ്യം എന്താണ്? ഞാന്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ചുനില്‍ക്കും,' തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളില്‍ നിന്ന് താന്‍ ഇതുവരെ വ്യതിചലിച്ചിട്ടില്ലെന്ന് തരൂര്‍ ഓര്‍മ്മിപ്പിച്ചു. വികസന കാര്യങ്ങളില്‍ നല്ലത് കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കാറുണ്ട്. അത് വ്യക്തിപരമായ അഭിപ്രായമാണ്. എന്നാല്‍ രാഷ്ട്രീയമായി പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുന്നത്. 2009 മുതല്‍ താന്‍ രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് സംസാരിക്കുന്നത് - തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment