ചെന്നൈ: തിരുനെൽവേലി പാളയങ്കോട്ടയിൽ സഹോദരിയുടെ കാമുകനായ ദലിത് യുവാവിനെ വെട്ടിക്കൊന്ന് യുവാവ്. വിവാഹക്കാര്യം ചർച്ച ചെയ്യാനെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് കൊലപാതകം.
ചെന്നൈയിലെ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരനായ തൂത്തുക്കുടി സ്വദേശി സി.കവിൻ സെൽവ ഗണേഷാണ് (27) കൊല്ലപ്പെട്ടത്. കവിന്റെ കാമുകിയുടെ സഹോദരൻ സുർജിത്ത് പോലീസിൽ കീഴടങ്ങി.
കവിനും സുർജിത്തിന്റെ സഹോദരിയും പ്രണയത്തിലായിരുന്നു. വ്യത്യസ്ത സമുദായക്കാരായതിനാൽ പ്രണയം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. ഇരുവരും പിൻവാങ്ങാൻ തയാറാകാത്തതോടെ സുർജിത് കവിനെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.
വിവാഹ കാര്യം സംസാരിക്കാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോവുകയും ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നു കയ്യിൽ കരുതിയ കത്തിയുപയോഗിച്ചു വെട്ടുകയുമായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
സുർജിത്തിന്റെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നു കവിന്റെ കുടുംബം ആരോപിച്ചു. ഇവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.