/sathyam/media/media_files/2026/02/25/img117-2026-02-25-00-47-38.png)
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മോഹൻ ബാബു യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ ഭുവന (22) യാണ് മരിച്ചത്. പുങ്കനൂർ മണ്ഡലത്തിലെ മംഗലം ഗ്രാമ സ്വദേശിനിയാണ് ഭുവന.
ചൊവ്വാഴ്ചയാണ് തിരുപ്പതിയിലെ സ്വകാര്യ ഹോസ്റ്റലിൽ ഭുവനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഭുവന താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിലെ ചുവരുകളിൽ ചില വരികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. "ഒടുവിൽ, സൈൻ ഓഫ് ചെയ്യുകയാണ്" (And finally, signing off) എന്ന വരികൾ ചുവരിൽ എഴുതിവെച്ച ശേഷമാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ചന്ദ്രഗിരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പതിയിലെ റൂയ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ യൂണിവേഴ്സിറ്റിക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. സർവകലാശാലയിലെ ചില ക്രമക്കേടുകളും പ്രശ്നങ്ങളുമാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചു.
മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും ചന്ദ്രഗിരി സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us