/sathyam/media/media_files/2025/04/27/zrFs0uK6AAu6KBb7Vbhq.jpg)
തിരുവനന്തപുരം: എല്ലാ രാജ്യങ്ങൾക്കും സൈന്യമുണ്ടെങ്കിൽ, പാകിസ്ഥാനിൽ സൈന്യത്തിനൊരു രാജ്യമുണ്ടെന്ന സ്ഥിതിയാണെന്ന് പ്രമുഖ കോളമിസ്റ്റ് എസ്. ഗുരുമൂർത്തി.
അവിടെ പട്ടാളമാണ് എല്ലാം നിയന്ത്രിക്കുന്നത്. 34വർഷം പട്ടാളം നേരിട്ട് രാജ്യം ഭരിച്ചു. ശേഷിച്ച കാലമെല്ലാം ഭരണത്തെ നിയന്ത്രിക്കുന്നത് പട്ടാളമാണ്.
ഇന്ത്യയെപ്പോലെ ഒട്ടും പ്രൊഫഷണലായ സൈന്യമല്ല പാകിസ്ഥാന്റേത്. സംസ്കാരമുള്ള രാജ്യത്തിന് വേണ്ട സൈന്യമല്ല പാകിസ്ഥാനുള്ളത്.
കേരള രാജ്ഭവനിൽ ‘ഓപ്പറേഷൻ സിന്ദൂർ-മെഴുകുതിരിയിൽനിന്ന് ബ്രഹ്മോസിലേക്ക് മാതൃകാപരമായ മാറ്റം’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ ഗുരുമൂർത്തി ഓപ്പറേഷൻ സിന്ദൂറിന്റെ ഉള്ളറകൾ വിശദമാക്കി.
ഇന്ത്യയിൽ സിവിൽ യുദ്ധം ലക്ഷ്യമിട്ടായിരുന്നു സുവർണക്ഷേത്രവും ക്രിസ്ത്യൻ പള്ളികളുമെല്ലാം പാകിസ്ഥാൻ ആക്രമിച്ചത്.
ലോകത്തെ ഏറ്റവും കൂടുതൽ ഭീകരതയുടെ ഇരയെന്ന് വിലയിരുത്തുന്ന ഇസ്രായേൽ പോലും ആണവായുധ ഭീഷണി നേരിടുന്നില്ല.
എന്നാൽ ഇന്ത്യയോട് നിരന്തരമായി ആണവായുധ ഭീഷണി മുഴക്കുകയാണ് പാകിസ്ഥാൻ. ഒരു ആണവ ബോംബിട്ടാൽ അടുത്തത് ഇടാൻ പാകിസ്ഥാൻ ഉണ്ടാവില്ലെന്ന് നമ്മൾ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും നമ്മൾ കരുതിയിരിക്കണം.
എല്ലാ സമൂഹത്തിലും തെറ്റായ ആളുകളുണ്ടെന്നതു പോലെ പാകിസ്ഥാൻ സൈന്യത്തിലുമുണ്ട്. പാകിസ്ഥാൻ തെറ്റായ രാജ്യമാണ്. എല്ലാത്തവണയും പാകിസ്ഥാൻ ആണവായുധഭീഷണി ഭീഷണിയുയർത്തുകയും പാശ്ചാത്യരാജ്യങ്ങൾ തടയുകയും ചെയ്യുമായിരുന്നു.
ഇത്തവണ ആണവായുധ നാടകം നടന്നില്ല. അവരുടെ ആണവായുധ നിയന്ത്രണ സംവിധാനങ്ങൾ ബ്രഹ്മോസ് മിസൈൽ തകർത്തു. അതോടെയാണ് അവർ വെടിനിർത്തലിന് സന്നദ്ധമായി ഇങ്ങോട്ടു വന്നത്.
തീവ്രവാദത്തിനെതിരേ ഇന്ത്യയുടെ പ്രതികരണവും തിരിച്ചടിയും എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം അറിഞ്ഞു.
പഹൽഗാമിൽ ആക്രമിച്ചത് പാക് സേനയുടെ കമാൻഡോകളാണ്. അവിടെ സൈന്യവും ജിഹാദികളും തമ്മിൽ വ്യത്യാസമില്ല. മുപ്പതിനായിരം ജിഹാദികളെ സൈന്യം വളർത്തുന്നു.
തീവ്രവാദികളെ പരിശീലിപ്പിക്കുന്നതും പണംമുടക്കുന്നതുമെല്ലാം സൈന്യമാണ്.
ഇന്ത്യാവിരുദ്ധത ദേശീയതയാക്കിയ പാകിസ്ഥാനുമായി സമാധാനമുണ്ടാക്കുകയെന്നത് ദുരന്തമാണ്. ലാഹോർ ബസ് സർവീസ് തുടങ്ങി മൂന്നുമാസത്തിനകം കാർഗിൽ യുദ്ധമുണ്ടായി.
മോദി നവാസ്ഷെരീഫിന്റെ ചെറുമകളുടെ വിവാഹത്തിൽ പങ്കെടുത്തതിന്റെ ഏഴാംദിനം പത്താൻകോട്ട് ആക്രമണമുണ്ടായി.
എല്ലായുദ്ധങ്ങളിലും പാകിസ്ഥാൻ തോറ്റെങ്കിലും അവർ പാഠംപഠിച്ചില്ല. ഇത്തവണ അതിർത്തി കടക്കാതെ സാങ്കേതികവിദ്യയുടെ സഹായത്തോടെ തീവ്രവാദ, സൈനിക താവളങ്ങൾ ആക്രമിക്കുകയായിരുന്നു ഇന്ത്യ.
പാക് സൈന്യം ബൃഹത്തായ വാണിജ്യസംരംഭമാണ്. ആയുധ ഫാക്ടറികളടക്കം സൈന്യത്തിലെ ഉദ്യോഗസ്ഥരുടേതാണ്.
വിരമിച്ചാലും അവർ മരിക്കുംവരെ സേവനത്തിലുണ്ട്. കറാച്ച് സ്റ്റോക്ക് എക്സ്‌ചേഞ്ചിലെ 71ശതമാനം കമ്പനികളും സൈനിക ഫൗണ്ടേഷന്റേതാണ്. 30ബില്യൺ ഡോളറാണ് ആസ്തി.
ലഷ്കർ-ഇ-തയിബ, ജെയ്ഷെ മുഹമ്മദ് അടക്കം തീവ്രവാദി സംഘടനകൾക്ക് പണംനൽകുന്നത് സൈനികരുടെ ഫൗണ്ടേഷനാണ്.
ഇങ്ങനെയൊരു ഏർപ്പാട് ലോകത്തൊരിടത്തുമില്ല. അരാജകത്വമുള്ള രാജ്യവും സൈന്യവുമാണ് അവിടെയുള്ളത്.
മുംബൈ ഭീകരാക്രമണത്തിനു ശേഷമടക്കം തീവ്രവാദികളുമായി ചർച്ചയും മെഴുകുതിരി കത്തിച്ച് സമാധാനറാലികളുമായിരുന്നു. അക്കാലത്ത് സൈന്യം അപമാനിക്കപ്പെട്ടു.
ഇപ്പോൾ ഇന്ത്യയിലിരുന്ന് അതിർത്തിക്കപ്പുറമുള്ള തീവ്രവാദികളെ തിരിച്ചടിക്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള യുദ്ധരീതിയുണ്ടാക്കി.
ജനത്തിരക്കേറിയ സ്ഥലങ്ങളിൽ തീവ്രവാദിത്താവളങ്ങൾ മാത്രമായി കൃത്യതയോടെ ആക്രമിച്ചു. ഇന്ത്യയിൽ ആഭ്യന്തരകലാപം ലക്ഷ്യമിട്ട് സുവർണക്ഷേത്രവും പള്ളികളും ആക്രമിക്കാനൊരുങ്ങിയെങ്കിലും സൈന്യം പ്രതിരോധിച്ചു.
1500കിലോമീറ്റർ അതിർത്തിയിൽ 4തലത്തിലെ വ്യോമപ്രതിരോധ സംവിധാനം പാക് മിസൈലുകൾ നിലംതൊടീച്ചില്ല. അമേരിക്കയെപ്പോലും ഞെട്ടിക്കുന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
88ശതമാനം പ്രതിരോധ ഉപകരണങ്ങളും ഇന്ത്യയിലുണ്ടാക്കുന്നു. ഡ്രോൺ കയറ്റുമതിയും തുടങ്ങുന്നു. പാകിസ്ഥാന്റെ പത്ത്മടങ്ങാണ് ഇന്ത്യയുടെ ജി.ഡി.പി. മോദി പ്രധാനമന്ത്രിയായപ്പോൾ വിസ നിഷേധിച്ചവരുണ്ട്.
ഇന്ന് 21രാജ്യങ്ങൾ അവരുടെ പരമോന്നത സിവിലിയൻ ബഹുമതിനൽകി. 5മുസ്ലീംരാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.
120ബില്യൺ വ്യാപാരം ഇന്ത്യയുമായുള്ളതിനാലാണ് ചൈന പരസ്യമായി രംഗത്തിറങ്ങാത്തത്. ഇന്ത്യയുടെ ബ്രഹ്മോസും എസ്-400 വ്യോമപ്രതിരോധ സംവിധാനവുമാണ് ഓപ്പറേഷൻ സിന്ദൂറിൽ നിർണായകമായത്.
ഇനിയൊരു ആക്രമണമുണ്ടായാൽ യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. ചൈന എന്ന വലിയ ഭീഷണിയെ നേരിടുന്ന ഇന്ത്യയ്ക്ക് പാകിസ്ഥാൻ വളരെ ചെറിയ റിസ്ക് മാത്രമാണ്.
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. അതിർത്തിയിൽ ഇപ്പോഴും യുദ്ധസമാനമായ ജാഗ്രതയാണ്. ബോംബും മിസൈലും ആറ്റംബോബും വർഷിക്കാനാവുന്ന റാഫേലിനെ പാകിസ്ഥാന് ഭയമാണ്.
സത്യത്തിൽ 9 തീവ്രവാദി താവളങ്ങൾ തകർത്തതിലൂടെ ആദ്യ ദിനം തന്നെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിൽ വിജയിച്ചെന്നും ഗുരുമൂർത്തി പറഞ്ഞു.