/sathyam/media/media_files/2026/02/21/kc-venugopal-mp-2026-02-21-14-59-46.jpg)
ന്യൂഡൽഹി : തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന അമ്മമാർക്കും സഹോദരിമാർക്കും ദാഹജലവും വിശ്രമിക്കാൻ ഇടവും നൽകാൻ റമദാൻ കാലത്ത് പള്ളികളും വീടുകളും തുറന്നിടണമെന്ന് ആഹ്വാനം ചെയ്ത പാളയം ഇമാമും, ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുക്കാൻ കഴിയാത്ത നോമ്പുകാരായ മുസ്ലിം സഹോദരങ്ങൾക്ക് വേണ്ടി ക്ഷേത്രമുറ്റത്ത് തന്നെ സമൂഹ നോമ്പുതുറ ഒരുക്കിയ കാസർകോട്ടെ പൂബാണംകുഴി ക്ഷേത്രവും നമുക്ക് കാട്ടിത്തരുന്ന വലിയൊരു പാഠമുണ്ട്.
സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഈ വലിയ കെട്ടുറപ്പാണ് നമ്മുടെ യഥാർത്ഥ 'കേരള സ്റ്റോറി' എന്നു എ.ഐ.സിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഇസ്ലാമോഫോബിയയെയും വിദ്വേഷത്തെയും പ്രതിരോധിക്കാൻ സ്നേഹവും സാഹോദര്യവും കൊണ്ട് മാത്രമേ കഴിയൂ എന്ന പാളയം ഇമാമിന്റെ വാക്കുകൾ തന്നെയാണ് ഈ നാടിന്റെ യഥാർത്ഥ ഹൃദയമിടിപ്പ്.
ഈ മനോഹരമായ മതസൗഹാർദ്ദത്തെ തകർക്കാൻ ലക്ഷ്യമിട്ട് സംഘപരിവാർ അജണ്ടയോടെ നിർമ്മിച്ച് തിയേറ്ററുകളിലെത്തിച്ച 'കേരള സ്റ്റോറി 2' എന്ന വിദ്വേഷ സിനിമയെ, കാണാൻ ആളില്ലാതെ ഷോകൾ തന്നെ ക്യാൻസൽ ചെയ്യിപ്പിച്ചുകൊണ്ടാണ് പ്രബുദ്ധരായ കേരളീയർ വലിച്ചെറിഞ്ഞത്. കോഴിക്കോട്ട് കേവലം രണ്ടുപേർ മാത്രം ടിക്കറ്റെടുത്തതിനാൽ പ്രദർശനം റദ്ദാക്കേണ്ടി വന്നത് ഈ നാട് ഇത്തരം വിഷലിപ്തമായ ആശയങ്ങളെ എത്രമാത്രം അകറ്റി നിർത്തുന്നു എന്നതിന്റെ നേർച്ചിത്രമാണ്.
കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ഈ ഗൂഢനീക്കത്തെ സമ്പൂർണ്ണമായി തള്ളിക്കളഞ്ഞതിലൂടെ, വർഗീയതയും വിദ്വേഷവും വിതച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന സംഘപരിവാർ വ്യാമോഹങ്ങൾക്ക് ഈ മണ്ണിൽ യാതൊരു സ്ഥാനവുമില്ലെന്ന് ജനങ്ങൾ ഒരിക്കൽ കൂടി അടിവരയിട്ട് പ്രഖ്യാപിക്കുകയാണ്.
മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്ന ഈ ജനതയാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ അഭിമാനമെന്നും പാളയം ഇമാമിന്റെ പ്രസംഗം പങ്കുവെച്ച കെ. സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us