ഇഡി സമൻസ് അവഗണിച്ച് ടിന അംബാനി; ചോദ്യം ചെയ്യലിന് ഹാജരാകാൻ പുതിയ നിർദ്ദേശം

പുതിയ നടപടിയോടെ ഗ്രൂപ്പിനെതിരെ ഇഡി കണ്ടുകെട്ടിയ ആകെ ആസ്തികളുടെ മൂല്യം ഏകദേശം 12,000 കോടി രൂപയായി ഉയര്‍ന്നു.

New Update
Untitled

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച സമന്‍സ് വ്യവസായി അനില്‍ അംബാനിയുടെ ഭാര്യ ടിന അംബാനി അവഗണിച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവര്‍ എത്തിയില്ല. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 17-ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഏജന്‍സി പുതിയ സമന്‍സ് അയച്ചു.

Advertisment

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ആഡംബര വസതി വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ചാണ് 68-കാരിയായ ടിന അംബാനിയെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മുന്‍ പ്രസിഡന്റ് പുനിത് ഗാര്‍ഗിനെ ഈ കേസില്‍ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിനെതിരായ ബാങ്ക് തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്.

റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഗ്രൂപ്പിന്റെ 1,885 കോടി രൂപയുടെ ആസ്തികള്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്.


പുതിയ നടപടിയോടെ ഗ്രൂപ്പിനെതിരെ ഇഡി കണ്ടുകെട്ടിയ ആകെ ആസ്തികളുടെ മൂല്യം ഏകദേശം 12,000 കോടി രൂപയായി ഉയര്‍ന്നു.


പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച വലിയൊരു തുക റിലയന്‍സ് ഗ്രൂപ്പിലെ വിവിധ കമ്പനികള്‍ വഴി വകമാറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

ബിഎസ്ഇഎസ് യമുന പവര്‍, മുംബൈ മെട്രോ വണ്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ഓഹരികളും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.

Advertisment