ഡൽഹി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൻ്റെ പവിത്രതയും ആത്മീയ ശാന്തതയും കാത്തുസൂക്ഷിക്കുന്നതിനായി രാഷ്ട്രീയ, വിദ്വേഷ പ്രസംഗങ്ങൾ നിരോധിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം .
ക്ഷേത്രത്തിൻ്റെ ദൈവിക അന്തരീക്ഷം തകർക്കുന്ന തരത്തിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള വ്യക്തികൾ ക്ഷേത്രത്തിനു മുന്നിൽ പ്രസ്താവനകൾ നടത്തിയതിനെ തുടർന്നാണ് ഉത്തരവിറക്കിയതെന്ന് തിരുമല ക്ഷേത്ര ഭരണസമിതി അറിയിച്ചു.
'എപ്പോഴും ഗോവിന്ദനാമങ്ങൾ മുഴങ്ങുന്ന വിശുദ്ധ തിരുമല ദിവ്യക്ഷേത്രത്തിൽ അടുത്ത കാലത്തായി, ചില വ്യക്തികളും രാഷ്ട്രീയ നേതാക്കളും ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ്, ക്ഷേത്രത്തിന് മുന്നിൽ മാധ്യമങ്ങൾക്ക് മുന്നിൽ രാഷ്ട്രീയ വിദ്വേഷ പ്രസ്താവനകൾ നടത്തി," ടിടിഡി പ്രസ്താവനയിൽ പറഞ്ഞു.
നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങൾ ഈ നിർദേശത്തോട് സഹകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.