ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരി പ്രദേശത്ത് തകര്‍ന്ന ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലംഗ കുടുംബത്തെ ജീവനോടെ പുറത്തെടുത്തു. ഈ ആഴ്ച ആദ്യമാണ് കെട്ടിടം തകര്‍ന്ന് ഇവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂറോളം മൂന്ന് തക്കാളി മാത്രം കഴിച്ചാണ് ഈ കുടുംബം ജീവിച്ചതെന്നാണ് റിപ്പോര്‍ട്ട്
ജനുവരി 29 ന് രാത്രി നടന്ന ഒരു ഓപ്പറേഷനില്‍ രാജേഷ് (30), ഭാര്യ ഗംഗോത്രി (26), മക്കളായ പ്രിന്‍സ് (6), റിതിക് (3) എന്നിവരുള്‍പ്പെടെയുള്ള കുടുംബത്തെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതിന് ശേഷമുള്ള തന്റെ ദുരനുഭവം വിവരിച്ച രാജേഷ് വീട്ടില്‍ അവശേഷിച്ച മൂന്ന് തക്കാളി കഴിച്ചുകൊണ്ടാണ് താനും കുടുംബവും വിശപ്പ് അകറ്റി നിര്‍ത്തിയതെന്ന് പറഞ്ഞു.
എന്റെ കുടുംബത്തിന് അത്താഴം തയ്യാറാക്കാന്‍ പോകുന്നതിനു തൊട്ടുമുമ്പ് വൈകുന്നേരം 6.30 ഓടെയാണ് കെട്ടിടം തകര്‍ന്നുവീണത്.
മുകളിലുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു, പക്ഷേ അത് ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ ശ്രമം ഉപേക്ഷിച്ച് എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു.
വീട്ടില്‍ അവശേഷിച്ച മൂന്ന് തക്കാളികള്‍ കൊണ്ടാണ് ഞങ്ങള്‍ 30 മണിക്കൂറിലധികം അതിജീവിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ രാജേഷ് പറഞ്ഞു
പുറത്തെടുക്കുമ്പോള്‍ ഞങ്ങള്‍ അബോധാവസ്ഥയിലായിരുന്നു. എപ്പോള്‍, എങ്ങനെ ഞങ്ങളെല്ലാവരും ആശുപത്രിയില്‍ എത്തിയെന്ന് പോലും എനിക്ക് ഓര്‍മ്മയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ സീലിംഗ് സ്ലാബ് പാചക വാതക സിലിണ്ടറില്‍ വീണതിനെത്തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ഒരു സ്ഥലത്താണ് കുടുംബം കുടുങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാണ് രാജേഷിനെയും കുടുംബത്തെയും അപകടത്തില്‍ നിന്ന് തടഞ്ഞത്.