ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ; ഊർജ്ജ പ്രതിസന്ധിയിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അമേരിക്ക

പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോളതലത്തില്‍ എണ്ണ വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക.

Advertisment

ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണ്ണായകമായ വ്യാപാര കരാര്‍ അന്തിമഘട്ടത്തിലാണെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡൗ വെളിപ്പെടുത്തി. ഡല്‍ഹിയില്‍ നടന്ന റൈസീന ഡയലോഗിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.


ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപരോധിച്ചതോടെ ആഗോള എണ്ണ-വാതക വില വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ ഭൂരിഭാഗവും ഈ വഴിയിലൂടെയാണ് എത്തുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്ക ഒരു മികച്ച ബദല്‍ സ്രോതസ്സാണെന്ന് ലാന്‍ഡൗ ചൂണ്ടിക്കാട്ടി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അതിന്റെ 'ഫിനിഷിംഗ് ലൈനില്‍' ആണെന്നും, ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ദേശീയ താല്പര്യം മുന്‍നിര്‍ത്തി വിവിധ സ്രോതസ്സുകളെ ആശ്രയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.


പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വളര്‍ച്ച അമേരിക്കയുടെ കൂടി താല്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റൈസീന ഡയലോഗിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ക്രിസ്റ്റഫര്‍ ലാന്‍ഡൗ കൂടിക്കാഴ്ച നടത്തി. ട്രംപ് ഭരണകൂടത്തിന്റെ 'അമേരിക്ക ഫസ്റ്റ്' നയം മറ്റ് രാജ്യങ്ങളുടെ താല്പര്യങ്ങളെക്കൂടി സംരക്ഷിക്കുന്നതാണെന്ന് അദ്ദേഹം ചര്‍ച്ചയില്‍ വിശദീകരിച്ചു.

Advertisment