ഡല്‍ഹി: ഡല്‍ഹി കീര്‍ത്തി നഗറിലെ ഫര്‍ണിച്ചര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശി അതുല്‍ റായ് (45), ബീഹാറിലെ ഗയ സ്വദേശി നന്ദ് കിഷോര്‍ ദുബെ (65) എന്നിവരെയാണ് സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ 4.25ഓടെയാണ് എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് വിവരം ലഭിച്ചത്. തീ നിയന്ത്രണവിധേയമാക്കാന്‍ ആറ് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തേക്ക് അയച്ചു.
സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ പരിസരത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ മേല്‍ക്കൂരയില്‍ ഒരു പൂട്ടിയ മുറി കണ്ടെത്തി.
അത് ബലമായി തുറന്നപ്പോളാണ് അകത്ത് പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ച രണ്ടുപേരെ കണ്ടെത്തിയത്. അതുല്‍ റായ് ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. നന്ദ് കിഷോര്‍ ദുബെ റിക്ഷാ വലിക്കുന്നയാളായാണ്. പലപ്പോഴും ഇരുവരും ഇവിടെയാണ് ഉറങ്ങിയിരുന്നത്.