ഡല്‍ഹി: ഭക്ഷണത്തിന് അമിത വില ഈടാക്കിയതില്‍ പരാതിപ്പെട്ട യാത്രക്കാരനെ മര്‍ദ്ദിച്ച് റെയില്‍വേ കാറ്ററിംഗ് ജീവനക്കാര്‍. ഗീതാഞ്ജലി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരനാണ് ദുരനുഭവം.
ബദ്നേരയ്ക്കും നാഗ്പൂരിനും ഇടയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ജീവനക്കാര്‍ ആക്രമിച്ചതായാണ് പരാതി.
കൊല്‍ക്കത്ത-മുംബൈ ട്രെയിനില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരെ കല്യാണ്‍ റെയില്‍വേ പോലീസ് കേസെടുത്തു.
മഹാരാഷ്ട്രയിലെ അംബര്‍നാഥ് നിവാസിയായ സത്യജിത് ബര്‍മന്‍ ആണ് മുംബൈയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പരാതി നല്‍കിയത്. ട്രെയിനില്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വിലയെ ചോദ്യം ചെയ്ത ബര്‍മന്‍, എംആര്‍പിയില്‍ കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ആരോപിച്ച്, ഈ വിഷയം ജീവനക്കാരോട് ഉന്നയിച്ചു.
പരാതിയെത്തുടര്‍ന്ന് ബാര്‍മാനും ചില കാറ്ററിംഗ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം കൂടുതല്‍ വഷളാവുകയും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. പിന്നീട് ബാര്‍മാന്‍ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കി.