മുംബൈ ലോക്കൽ ട്രെയിനിൽ 25കാരന് ദാരുണാന്ത്യം; റെയിൽവേയുടെ അനാസ്ഥയാണ് മരണകാരണമെന്ന് കുടുംബം

New Update
1000398416

മുംബൈ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ 25-കാരൻ ചികിത്സ കിട്ടാതെ മരിച്ചു. ചെമ്പൂരിൽ നിന്ന് പൻവേലിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഹർഷ് പട്ടേൽ എന്ന യുവാവാണ് മരിച്ചത്. 

Advertisment

റെയിൽവേ സ്റ്റേഷനിൽ ആംബുലൻസ് ഉണ്ടായിരുന്നിട്ടും ഡ്രൈവർ ഉച്ച ഭക്ഷണം കഴിക്കാൻ പോയതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.

ഡിസംബർ 2-ന് ഉച്ചയ്ക്ക് 1.37-ന് ചെമ്പൂരിൽ നിന്ന് പൻവേലിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഹർഷ് ബോധരഹിതനായി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന യാത്രക്കാർ ഉടൻ തന്നെ റെയിൽവേ പോലീസിനെ (GRP) വിവരം അറിയിച്ചു. 1.57-ഓടെ ട്രെയിൻ വാശി (Vashi) സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പോലീസ് ഹർഷിനെ പുറത്തെത്തിച്ചു.

സ്റ്റേഷന് പുറത്ത് ‘108’ ആംബുലൻസ് ഉണ്ടായിരുന്നുവെങ്കിലും അതിന്റെ ഡ്രൈവർ സ്ഥലത്തില്ലാത്തതിനാൽ ഹർഷിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഡ്രൈവർ ഉച്ചഭക്ഷണം കഴിക്കാൻ പോയതായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ഒടുവിൽ റെയിൽവേ പോലീസിന്റെ ജീപ്പിലാണ് ഹർഷിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ റെയിൽവേ ഭരണകൂടത്തിനെതിരെ ഹർഷിന്റെ സഹോദരി അമിക്ക പട്ടേൽ സോഷ്യൽ മീഡിയയിലൂടെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വാശി സ്റ്റേഷനിൽ സ്ട്രെച്ചറോ, വീൽചെയറോ, പ്രാഥമിക ചികിത്സാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല എന്നും രോഗിയെ ആശുപത്രിയിലെത്തിക്കാൻ തുണിയിൽ പൊതിഞ്ഞാണ് സബ് വേയിലൂടെ കൊണ്ടുപോയത് എന്നും ആംബുലൻസിനായി കാത്തുനിന്ന നിർണ്ണായകമായ നിമിഷങ്ങളാണ് ഹർഷിന്റെ ജീവൻ നഷ്ടപ്പെടുത്തിയത് എന്നും സഹോദരി ആരോപിച്ചു.

Advertisment