ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികള്‍ മരിച്ചു. ഇന്ന് രാവിലെ 7.45ഓടെ കടലൂര്‍ ജില്ലയിലെ ശെമ്പന്‍കുപ്പം പ്രദേശത്തെ ആളില്ലാ ലെവല്‍ ക്രോസില്‍ ആണ് അപകടം നടന്നത്. അപകടസമയത്ത് വാനില്‍ 10 കുട്ടികളും ഡ്രൈവറും ആയയും ഉണ്ടായിരുന്നുവെന്ന് വിവരം.
കുമാരപുരത്തെ കൃഷ്ണസ്വാമി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുകയായിരുന്നു സ്‌കൂള്‍ ബസ്. വില്ലുപുരം-മയിലാടുതുറൈ പാസഞ്ചര്‍ ട്രെയിനാണ് സ്‌കൂള്‍ വാനില്‍ ഇടിച്ചത്.
ചാരുമതി (16), സെഴിയന്‍ (15), നിമലേഷ് (12), എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റ് സമയത്ത് അടച്ചില്ലെന്നതാണ് അപകടത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാവല്‍ക്കാരന്‍ ഉണ്ടായിരുന്നോയെന്ന് ഇപ്പോഴും അന്വേഷണം തുടരുകയാണ്. അപകടം നടന്ന 170-ാം നമ്പര്‍ ലെവല്‍ ക്രോസിങ് ഗേറ്റില്‍ സിഗ്‌നല്‍ സംവിധാനവും ഉണ്ടായിരുന്നില്ല.