കോട്ടയം: ട്രെയിന്‍ അട്ടിമറിയെന്ന് സംശയിക്കാവുന്ന തരത്തില്‍ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടക്കത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് കരുതിയിടത്ത് ദിവസേന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്.
അട്ടിമറി സാധ്യതകള്‍ സംശയിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്‍ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഇത്തരം സംഭവങ്ങള്‍ യാതൊരു അപകടങ്ങളിലേക്കും നയിക്കാതെ ഒഴിവായെന്നതാണ് ആശ്വാസകരം.
പല സംഭവങ്ങളിലും വില്ലന്‍ ഇരുമ്പ് ദണ്ഡ്
പഞ്ചാബിലെ ബത്തിൻഡയിലെ ഗവൺമെൻ്റ് റെയിൽവേ പൊലീസ് (ജിആർപി) ഞായറാഴ്ച ഡൽഹി-ബട്ടിൻഡ എക്‌സ്പ്രസിൻ്റെ ട്രാക്കിൽ നിന്ന് ഒമ്പത് ഇരുമ്പ് ദണ്ഡുകളാണ് കണ്ടെടുത്തത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
''സംഭവസ്ഥലത്ത് നിന്ന് 9 ഇരുമ്പ് ദണ്ഡുകൾ കണ്ടെടുത്തിട്ടുണ്ട്. ഗവൺമെൻ്റ് റെയിൽവേ പൊലീസ് കേസെടുത്തു, കൂടുതൽ അന്വേഷണം നടത്തിവരികയാണ്''- ബതിൻഡയിലെ ഗവൺമെൻ്റ് റെയിൽവേ പൊലീസിലെ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഷവീന്ദർ കുമാർ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് ബിലാസ്പൂർ റോഡിനും രുദ്രപൂർ സിറ്റിക്കും ഇടയിലെ റെയില്‍വേ ട്രാക്കില്‍ ആറ് മീറ്റർ നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിരുന്നു. അട്ടിമറി ശ്രമമെന്ന് സംശയിക്കുന്നു. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചതിനാല്‍ അപകടം ഒഴിവായി.
അട്ടിമറി ശ്രമം രാജസ്ഥാനിലും ?
ഈ മാസം ആദ്യം രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ ചരക്ക് തീവണ്ടി പാളം തെറ്റിക്കാനുള്ള ശ്രമം കണ്ടെത്തിയിരുന്നു. വെസ്റ്റേൺ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴിയുടെ ട്രാക്കിൽ അക്രമികൾ രണ്ട് സിമൻ്റ് കട്ടകൾ സ്ഥാപിച്ചിരുന്നു. ട്രെയിൻ സിമൻ്റ് കട്ടകളിൽ ഇടിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
ട്രാക്കില്‍ എല്‍പിജി സിലിണ്ടര്‍ !
ഉത്തർപ്രദേശിലെ കാൺപൂരിൽ ഭിവാനി-പ്രയാഗ്‌രാജ് കാളിന്ദി എക്‌സ്‌പ്രസ് പാളം തെറ്റിക്കാൻ സമാനമായ ഒരു ശ്രമമുണ്ടായി. ഒരു കുപ്പി പെട്രോളും തീപ്പെട്ടികളും എൽപിജി സിലിണ്ടറും റെയില്‍വേ ട്രാക്കില്‍ സ്ഥാപിച്ചായിരുന്നു ഈ അട്ടിമറി ശ്രമം. പൊലീസും മറ്റ് കേന്ദ്ര ഏജൻസികളും സംഭവങ്ങൾ അന്വേഷിക്കുകയാണ്.
ഉത്തർപ്രദേശിലെ പ്രേംപൂർ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഗ്യാസ് സിലിണ്ടർ കണ്ടതിനെ തുടർന്ന് ഗുഡ്‌സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചവിട്ടിയതിനാൽ വൻ അപകടം ഒഴിവായി.
ഉത്തര്‍പ്രദേശില്‍ തന്നെ പല തവണ
അട്ടിമറി ശ്രമങ്ങളെന്ന് സംശയിക്കാവുന്ന തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഉത്തര്‍പ്രദേശില്‍ മാത്രം സംഭവിച്ചു. സെപ്തംബർ 16 ന് പുലർച്ചെ ഡൽഹിയിലേക്കുള്ള സ്വതന്ത്ര സേനാനി എക്‌സ്‌പ്രസിൻ്റെ ലോക്കോമോട്ടീവ് ഗാസിപൂർ ഘട്ടിനും ഗാസിപൂർ സിറ്റി റെയിൽവേ സ്‌റ്റേഷനും ഇടയിൽ റെയിൽവേ ട്രാക്കിൽ കിടന്ന മരത്തടിയിൽ ഇടിച്ചതിനെ തുടർന്ന് തകരാറിലായിരുന്നു.
സെപ്തംബർ 10 ന് ഘാസിപൂർ ഘട്ടിനും ഗാസിപൂർ സിറ്റി റെയിൽവേ സ്റ്റേഷൻ ട്രാക്കിനും ഇടയിൽ കരിങ്കല്ല് ഇട്ട മൂന്ന് പേരെ പിടികൂടിയിരുന്നു. കാൺപൂർ-കാസ്ഗഞ്ച് റൂട്ടിൽ ഭട്ടാസയ്ക്കും ഷംഷാബാദ് റെയിൽവേ സ്റ്റേഷനുകൾക്കുമിടയിൽ തടി ഉപയോഗിച്ച് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 24നായിരുന്നു സംഭവം.
മധ്യപ്രദേശില്‍ കണ്ടെത്തിയത് സ്‌ഫോടക വസ്തു
മധ്യപ്രദേശിലെ രത്ലം ജില്ലയില്‍ സൈനികര്‍ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകവെ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തയിരുന്നു. തിരുവനന്തപുരത്തേക്ക് സൈനികരെയും, ആയുധങ്ങളും കൊണ്ടുപോകുകയായിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകുന്ന പാതയിലാണ് സംഭവം.
കരസേനയും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും അന്വേഷണം ആരംഭിച്ചു. സംഭവത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികളും അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
സൂറത്തിലും അട്ടിമറി ശ്രമം ?
ശനിയാഴ്ച ഗുജറാത്തിലെ സൂറത്ത് ജില്ലയിലും അട്ടിമറി ശ്രമമുണ്ടായി. ഫിഷ് പ്ലേറ്റുകൾ നീക്കം ചെയ്തും നിരവധി ബോൾട്ടുകൾ അഴിച്ചുമായിരുന്നു അജ്ഞാതര്‍ അട്ടിമറി ശ്രമം നടത്തിയത്. കൊസാംബ, കിം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിലൂടെ ട്രെയിൻ കടന്നുപോകുന്നതിന് മുമ്പായി അട്ടിമറി ശ്രമം കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ റെയില്‍വേയും ലോക്കല്‍ പൊലീസും അന്വേഷണം നടത്തിവരികയാണ്.