/sathyam/media/media_files/GmuMNUkuDQltdWaKB9UJ.jpg)
ന്യൂഡൽഹി: ട്രെയിനുകളിലും സ്റ്റേഷനുകളിലും ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഇന്ത്യൻ റെയിൽവേ.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള യാത്രാനുഭവം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, മാലിന്യം വലിച്ചെറിയുന്നതിനും പൊതുസ്ഥലത്ത് പുകവലിക്കുന്നതിനും എതിരെ കർശനമായ നടപടികളാണ് റെയിൽവേ ആരംഭിച്ചിട്ടുള്ളത്.
ഇതിന്റെ ഭാ​ഗമായി ഝാൻസി ഡിവിഷൻ സെപ്റ്റംബർ മാസം മുതൽ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. സെപ്റ്റംബർ മാസം മാത്രം, ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് 5,113 യാത്രക്കാർക്കാണ് റെയിൽവേ പിഴ ചുമത്തിയത്. പിഴ ഇനത്തിൽ ഈടാക്കിയ ആകെ തുക 10,26,670 രൂപയാണ്.
യാത്രക്കാർ പലപ്പോഴും വീട്ടിൽ പാകം ചെയ്ത ഭക്ഷണം യാത്രക്കായി കൊണ്ടുവരുന്നവരാണ്. ഐആർസിടിസിയിൽ നിന്നോ മറ്റ് വിൽപ്പനക്കാരിൽ നിന്നോ ഭക്ഷണം വാങ്ങുന്നത് ഇവർ ഒഴിവാക്കാറുണ്ട്. എന്നാൽ, ഇങ്ങനെ കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ട്രെയിനുകളിലോ സ്റ്റേഷനുകളിലോ ഉപേക്ഷിക്കുകയും മാലിന്യം അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യുന്നത് റെയിൽവേ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇതിനെതിരെയാണ് റെയിൽവേ ഇപ്പോൾ രം​ഗത്ത് എത്തിയിരിക്കുന്നത്.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ റെയിൽവേയുടെ രാജ്യന്തരതലത്തിലുള്ള പ്രശസ്തി ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടിയാണ് ഈ ശുചിത്വ പ്രചാരണങ്ങൾ ലക്ഷ്യമിടുന്നത്.
തുറസ്സായ സ്ഥലത്ത് തുപ്പുകയോ പുകവലിക്കുകയോ പോലുള്ള പ്രവൃത്തികൾ ഒഴിവാക്കിക്കൊണ്ട് യാത്രക്കാർ ഈ സംരംഭങ്ങളെ പിന്തുണയ്ക്കണമെന്ന് റെയിൽവേ അഭ്യർത്ഥിക്കുന്നു.