മാള്‍ഡ: മാള്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ദുലാല്‍ സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പശ്ചിമ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രിതമാണെന്നും പ്രതികള്‍ നേരത്തെ തന്നെ സ്ഥലത്ത് നിരീക്ഷണം നടത്തിയിരുന്നതായും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയവരാണ് ദുലാല്‍ സര്‍ക്കാരിനെ വെടിവച്ചത്. സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് അക്രമികള്‍ ടിഎംസി നേതാവിന് നേരെ വെടിയുതിര്‍ക്കുന്നത് കാണാം. വെടിയുതിര്‍ത്ത ഉടന്‍ അക്രമികള്‍ രക്ഷപ്പെട്ടു
ബിഹാറില്‍ നിന്നുള്ള രണ്ടുപേരും മാള്‍ഡയിലെ ഇംഗ്ലീഷ് ബസാര്‍ ടൗണില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടെ അറസ്റ്റിലായ മൂന്ന് പ്രതികളെ വെള്ളിയാഴ്ച മാള്‍ഡ ജില്ലാ കോടതിയില്‍ ഹാജരാക്കി.
പ്രതികള്‍ കരാര്‍ കൊലയാളികളാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ഒളിവിലാണെന്ന് അധികൃതര്‍ കോടതിയെ അറിയിച്ചു
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.