കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപാതകത്തില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് ടി.എം.സി ആരോപിച്ചതോടെ പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായി.
ടിഎംസി പ്രവര്‍ത്തകനായ സനാതന്‍ ഘോഷ് ഞായറാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തി തൊട്ടടുത്ത് നിന്ന് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിയൊച്ചകളും നിലവിളികളും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്.
ഉടന്‍ തന്നെ ഹരിഹര്‍പാറ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ഡോക്ടര്‍മാര്‍ ബഹരംപൂരിലെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഘോഷ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.