ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ: ട്രിനിഡാഡ് ടൊബാഗോയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിന്റെ ഭാഗമായി, ട്രിനിഡാഡ് ടൊബാഗോയുടെ പ്രധാനമന്ത്രി കമല പെര്‍സാദ്-ബിസ്സേസറിന് മോദി ഒരു പ്രത്യേക സമ്മാനം നല്‍കി.
മഹാ കുംഭമേളയുടെയും സരയു നദിയുടെയും സംഗമസ്ഥാനത്തുനിന്നുള്ള പുണ്യജലവും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മനോഹരമായ ഒരു മോഡലുമാണ് സമ്മാനിച്ചത്.
കമല ബിസ്സേസറിനെ ബീഹാറിന്റെ മകള്‍ എന്നുപറഞ്ഞാണ് പ്രധാനമന്ത്രി മോദി സംബോധന ചെയ്തത്. അവരുടെ പിതൃഭൂമിയായ ബീഹാറുമായുള്ള ബന്ധം ഓര്‍മ്മപ്പെടുത്തി. ''കമല ബീഹാറിലെ ബക്‌സറില്‍ താമസിച്ചിട്ടുള്ളവരാണ്. അവിടുത്തെ ജനങ്ങള്‍ അവരെ ബീഹാറിന്റെ മകളായി കാണുന്നു,'' എന്ന് മോദി പറഞ്ഞു.
മഹാ കുംഭമേളയില്‍ നിന്ന് കൊണ്ടുവന്ന പുണ്യജലവും സരയു നദിയിലെയും ജലവും ട്രിനിഡാഡിലെ ഗംഗാ നദിയില്‍ സമര്‍പ്പിക്കാന്‍ കമലയോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
''ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാ കുംഭമേള നടന്നു. അതിലെ പുണ്യജലവും സരയു നദിയിലെയും ജലവും ഞാന്‍ കമല ജിയോട് ട്രിനിഡാഡിലെ ഗംഗാ നദിയില്‍ സമര്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
കമല പെര്‍സാദ്-ബിസ്സേസര്‍ ഹിന്ദുസ്ഥാനി സമൂഹത്തിന്റെ സമ്മേളനത്തെയും അഭിസംബോധന ചെയ്തു. 2012-ല്‍ അവര്‍ ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ തന്റെ പൂര്‍വ്വിക ഗ്രാമമായ ഭേലുപൂര്‍ സന്ദര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി മോദിയുടെ ട്രിനിഡാഡ് ടൊബാഗോ സന്ദര്‍ശനം ഏറെ സവിശേഷമായിരുന്നു. പിയാര്‍കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രധാനമന്ത്രി കമല ബിസ്സേസര്‍, 38 മന്ത്രിമാര്‍, നാല് എംപിമാര്‍ എന്നിവര്‍ ചേര്‍ന്ന് മോദിക്ക് ഗംഭീര സ്വീകരണം നല്‍കി.
1999-ന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ട്രിനിഡാഡില്‍ എത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമായതിനാല്‍ ഈ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമായിരുന്നു.