"വെടിനിർത്തൽ പ്രഖ്യാപനം പോലെ ഇതും ട്രംപ് വക"; വ്യാപാര കരാറിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് കോൺഗ്രസ്; വിശദീകരണം തേടി പ്രതിപക്ഷം

ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചാണോ ഈ കരാറെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

New Update
Untitled

ഡല്‍ഹി: അമേരിക്കയുമായി ഒപ്പുവെച്ച പുതിയ വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. റഷ്യന്‍ വിരുദ്ധ നിലപാടും കാര്‍ഷിക മേഖലയിലെ വിട്ടുവീഴ്ചകളും ഉള്‍പ്പെട്ട കരാറിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Advertisment

ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചാണോ ഈ കരാറെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.


ഗാസയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പോലെ ഈ വ്യാപാര കരാറും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഏകപക്ഷീയമായാണ് പ്രഖ്യാപിച്ചത്. മോദിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് കരാറെന്ന ട്രംപിന്റെ പ്രസ്താവന ഇന്ത്യയുടെ അന്തസ്സിന് ചേര്‍ന്നതാണോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികള്‍ പൂജ്യത്തിലേക്ക് എത്തിക്കുമെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യന്‍ വ്യാപാരികളെയും ചെറുകിട വ്യവസായികളെയും തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതോടെ ഇന്ത്യന്‍ വിപണി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറയുമെന്നും പാര്‍ട്ടി ആശങ്കപ്പെടുന്നു.

ഇന്ത്യന്‍ കാര്‍ഷിക മേഖല അമേരിക്കയ്ക്കായി തുറന്നുകൊടുക്കാനുള്ള നീക്കം കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. വിദേശ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എത്തുന്നതോടെ ഇന്ത്യന്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകില്ലേ എന്ന് കോണ്‍ഗ്രസ് ചോദിച്ചു.


റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് മോദി സര്‍ക്കാര്‍ സമ്മതിച്ചോ എന്ന് വ്യക്തമാക്കണം. കൂടാതെ, അമേരിക്കയില്‍ നിന്ന് കൂടുതല്‍ സാധനങ്ങള്‍ വാങ്ങുമെന്ന് കരാറില്‍ പറയുമ്പോള്‍ മോദി സര്‍ക്കാരിന്റെ തന്നെ 'മെയ്ഡ് ഇന്‍ ഇന്ത്യ' പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു.


ട്രംപിന്റെ 'ട്രൂത്ത് സോഷ്യല്‍' പോസ്റ്റ് പ്രകാരം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി അമേരിക്ക കുറച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയോടുള്ള ബഹുമാനസൂചകമായാണ് ഇതെന്നാണ് ട്രംപിന്റെ വാദം. ഇതിന് പിന്നാലെ പ്രധാനമന്ത്രി ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Advertisment