ഗോർഡി ഹോ പാലം തുറക്കില്ലെന്ന് ട്രംപ്; കാനഡയോട് പകുതി ഉടമസ്ഥാവകാശവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് അമേരിക്ക

പാലത്തിന്റെ പകുതി ഉടമസ്ഥാവകാശവും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കാതെ പാലം തുറക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

New Update
Untitled

വാഷിംഗ്ടണ്‍: അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന പുതിയ അതിര്‍ത്തി പാലമായ 'ഗോര്‍ഡി ഹോ' ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടയുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

പാലത്തിന്റെ പകുതി ഉടമസ്ഥാവകാശവും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കാതെ പാലം തുറക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.


തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. പതിറ്റാണ്ടുകളായി കാനഡ അമേരിക്കയോട് അന്യായമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


യുഎസ് വിപണിയുടെ വലിപ്പം പരിഗണിച്ച് പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം വാഷിംഗ്ടണിന് വേണമെന്നാണ് ട്രംപിന്റെ പ്രധാന വാദം.

 പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം ലഭിക്കണം. ഇതിനായി കാനഡയുമായി ഉടനടി ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് 'ബൈ അമേരിക്കന്‍ ആക്ട്' പാലിക്കുന്നതില്‍ നിന്ന് കാനഡയ്ക്ക് ഇളവ് നല്‍കിയത് തെറ്റായ നടപടിയാണെന്നും ട്രംപ് ആരോപിച്ചു.


മിഷിഗണ്‍ (അമേരിക്ക), ഒന്റാറിയോ (കാനഡ) എന്നിവയെ ബന്ധിപ്പിക്കുന്ന ഡിട്രോയിറ്റ് നദിക്ക് കുറുകെയുള്ള നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യ പദ്ധതിയാണിത്. മിഷിഗണിലെ ഇന്റര്‍‌സ്റ്റേറ്റ് 75-നെ ഒന്റാറിയോയിലെ ഹൈവേ 401-മായി ഈ ആറ് വരി പാലം നേരിട്ട് ബന്ധിപ്പിക്കുന്നു.


2012-ല്‍ മിഷിഗണ്‍ ഗവര്‍ണറായിരുന്ന റിക്ക് സ്‌നൈഡറുടെ കാലത്താണ് പാലത്തിന് അനുമതി ലഭിച്ചത്. നിര്‍മ്മാണച്ചെലവിന്റെ ഭൂരിഭാഗവും കാനഡയാണ് വഹിക്കുന്നത്. 2018-ല്‍ ആരംഭിച്ച നിര്‍മ്മാണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.

ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം മെച്ചപ്പെടുത്താനുമാണ് ഈ പാലം വിഭാവനം ചെയ്തത്.

Advertisment