ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി; സുപ്രീം കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ്

പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് നികുതി ഈടാക്കാന്‍ താന്‍ നിയമപരമായി അനുവദിക്കപ്പെട്ട 15 ശതമാനം തന്നെ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

New Update
Untitled

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നികുതി 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

Advertisment

തന്റെ മുന്‍പത്തെ വ്യാപകമായ താരിഫ് പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള യുഎസ് സുപ്രീം കോടതി വിധി 'അങ്ങേയറ്റം അമേരിക്കന്‍ വിരുദ്ധവും വിഡ്ഢിത്തവുമാണ്' എന്ന് ആഞ്ഞടിച്ചുകൊണ്ടാണ് ശനിയാഴ്ച ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്.


ഫെബ്രുവരി 24 മുതല്‍ 150 ദിവസത്തേക്കായിരിക്കും ഈ പുതുക്കിയ നികുതി നിരക്ക് ബാധകമാകുക. നേരത്തെ ഇന്ത്യയുമായുള്ള താല്‍ക്കാലിക കരാര്‍ പ്രകാരം നികുതി 18 ശതമാനമായിരുന്നു. ഇത് ഇപ്പോള്‍ 15 ശതമാനമായി കുറഞ്ഞുവെങ്കിലും, വെള്ളിയാഴ്ച പ്രഖ്യാപിച്ച 10 ശതമാനത്തേക്കാള്‍ കൂടുതലാണിത്.


വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സിന്റെ നേതൃത്വത്തിലുള്ള ആറംഗ ബെഞ്ച്, ട്രംപിന്റെ മുന്‍പത്തെ നികുതി പരിഷ്‌കാരങ്ങള്‍ നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. പ്രസിഡന്റ് തന്റെ അധികാരം ദുരുപയോഗം ചെയ്തു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 

എന്നാല്‍ ഇതിനെതിരെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് നികുതി ഈടാക്കാന്‍ താന്‍ നിയമപരമായി അനുവദിക്കപ്പെട്ട 15 ശതമാനം തന്നെ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


അമേരിക്കയുടെ പുതിയ തീരുമാനത്തെക്കുറിച്ച് പഠിച്ചു വരികയാണെന്ന് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു. കോണ്‍ഗ്രസ് ഇതിനോടകം തന്നെ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.


നിലവിലെ താല്‍ക്കാലിക വ്യാപാര കരാര്‍ നിര്‍ത്തിവെക്കണമെന്നും ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് പുതിയ കരാര്‍ ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.

Advertisment