/sathyam/media/media_files/2026/02/24/trump-2026-02-24-10-54-33.jpg)
ഡല്‍ഹി: വ്യാപാര നികുതികള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടന്ന് ലോകരാജ്യങ്ങള്‍ക്ക് മേല്‍ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കോടതി വിധിയുടെ പേരില്‍ ഒപ്പുവെച്ച വ്യാപാര കരാറുകളില്‍ നിന്ന് പിന്നോട്ട് പോകുന്നവര്‍ക്ക് മേല്‍ അതിശക്തമായ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള നിര്‍ണ്ണായക വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യ താല്‍ക്കാലികമായി മാറ്റിവെച്ചു.
ഫെബ്രുവരി 20-ന് അമേരിക്കന്‍ സുപ്രീം കോടതി ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഇറക്കുമതി നികുതികള്‍ നിയമവിരുദ്ധമാണെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെ വെല്ലുവിളിച്ചുകൊണ്ട് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' കുറിച്ചു.
'കോടതി വിധിയുടെ പേരില്‍ കളിക്കാന്‍ നില്‍ക്കുന്ന രാജ്യങ്ങള്‍, പ്രത്യേകിച്ച് വര്‍ഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്യുന്നവര്‍, ഇപ്പോള്‍ സമ്മതിച്ചതിനേക്കാള്‍ വലിയ നികുതി നേരിടേണ്ടി വരും.'
നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം നികുതി ട്രംപ് കഴിഞ്ഞ ശനിയാഴ്ച 15 ശതമാനമായി ഉയര്‍ത്തിയിരുന്നു.
അമേരിക്കയുമായുള്ള ഇടക്കാല വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഫെബ്രുവരി 23-ന് പോകാനിരുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ യാത്ര മാറ്റിവെച്ചു. പുതിയ സാഹചര്യങ്ങള്‍ വിശകലനം ചെയ്ത ശേഷം മാത്രമേ ചര്‍ച്ചകള്‍ തുടരൂ എന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
2025-ല്‍ ഇന്ത്യയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന 50 ശതമാനം നികുതി ട്രംപ് സര്‍ക്കാര്‍ 18 ശതമാനമായി കുറച്ചിരുന്നു. പുതിയ പരിഷ്‌കാര പ്രകാരം അത് ഇപ്പോള്‍ 15 ശതമാനമായി മാറിയിട്ടുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോഴും മെച്ചപ്പെട്ട നിലയിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
താരിഫ് മാറ്റങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത് നേരത്തെയാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വാണിജ്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെപ്പോലെ തന്നെ ചൈനയും പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. മാര്‍ച്ച് 31-ന് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ചര്‍ച്ച നടത്താനിരിക്കെയാണ് ഈ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. അമേരിക്കയുടെ നികുതി നയങ്ങള്‍ക്കെതിരായ സുപ്രീം കോടതി വിധി തങ്ങള്‍ പഠിച്ചു വരികയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us