ഡൽഹി: അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റർ ബോയിംഗ് സി-17എ വിമാനം എത്തുന്നതോടെ അമേരിക്കയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരിൽ ആശങ്ക.
യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 205പേരുമായാണ് അമേരിക്കൻ സൈനിക വിമാനം എത്തിയിരിക്കുന്നത്
അനധികൃത കുടിയേറ്റം തടയാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരെ നാടുകടത്തുന്നത്. സി-17 സൈനിക വിമാനം ടെക്സാസിലെ സാൻ അന്റോണിയോ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട് പഞ്ചാബിലെ അമൃത്സറിലാണെത്തുന്നത്.
/sathyam/media/media_files/2025/02/05/Y2Wk6acaQyswqx7NWXzF.jpg)
വിമാനങ്ങളുടെ യാത്രാമാർഗം ട്രാക്ക് ചെയ്യാനുള്ള വെബ്സൈറ്റുകളുടെയും റഡാറുകളുടെയും കണ്ണിൽ പെടാതെയാണ് അമേരിക്കൻ സൈനിക വിമാനം ഇന്ത്യ ലക്ഷ്യമാക്കി പറന്നത്. ഗുജറാത്തിനു മീതേ 31,000 അടിപ്പൊക്കത്തിൽ വടക്കോട്ട് പറക്കുന്നത് കണ്ടത് ഇന്നുച്ചയോടെയാണ്.
അമേരിക്കയിലെ സാൻദിയേഗോ സേനാ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാവിലെ 5:26 ന് ഹോണോലുലുവിലേക്കായിരുന്നു വിമാനം ആദ്യം പറന്നത്. ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയ്ക്ക് വടക്കോട്ടേക്കും അവിടെ നിന്ന് മാലിദ്വീപിന് സമീപത്തേക്കും പറന്നെത്തി
അവിടെ നിന്ന് ഇന്നു രാവിലെ ഒൻപതേകാലോടെ ഇന്ത്യയുടെ നേരെ പറന്നു തുടങ്ങി. കൂടുതൽപേരും പഞ്ചാബികളായതിനാൽ, അമൃത്സറിലായിരിക്കും വിമാനം ഇറങ്ങുന്നത്. എത്തിയവർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമേ വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വിടുകയുള്ളൂ.
രേഖകളില്ലാത്തതിനാൽ പിടിയിലായ ഇവരെ ടെക്സാസിലെ എൽ പാസോയിലും കാലിഫോർണിയയിലെ സാൻ ഡീഗോയിലും തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. 2023 ഒക്ടോബറിനും 2024 സെപ്തംബറിനും ഇടയിൽ 1,100-ലധികം അനധികൃത ഇന്ത്യക്കാരെ നാടുകടത്തിയെന്നാണ് യു.എസ് പറയുന്നത്.
/sathyam/media/media_files/2024/10/20/DQXKUjZVAofsxBZgx9q1.jpg)
കഴിഞ്ഞ ഒക്‌ടോബറിൽ 100 ഇന്ത്യക്കാരുമായി ചാർട്ടർ വിമാനം എത്തിയിരുന്നു. യു.എസിൽ രേഖകളില്ലാതെ തങ്ങുന്ന എല്ലാ ഇന്ത്യക്കാരെയും പൗരത്വം സ്ഥിരീകരിച്ചശേഷം തിരിച്ചു കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനാൽ അമേരിക്കയുടെ നാടുകടത്തൽ നയത്തെ ഇന്ത്യ പൂർണമായി പിന്താങ്ങുകയാണ്
നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ൽ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എൽ പാസോ, ടെക്സസ്, സാൻ ഡിയഗോ, കലിഫോർണിയ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങൾ അയച്ചത്.
ലാറ്റിൻ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളിൽ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാൻഡ് ചെയ്തുള്ളൂ. ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്.
/sathyam/media/media_files/2025/02/04/ZTG1hIXsC7JKYowBRhDN.jpg)
കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങൾ അവിടെയിറക്കാൻ രാജ്യം അനുമതി കൊടുത്തില്ല. ഇവിടുന്നുള്ളവരെ കൊണ്ടുപോകാൻ കൊളംബിയ രണ്ട് വിമാനങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.
ഫെബ്രുവരി 12, 13 തീയതികളിൽ പ്രധാനമന്ത്രി മോഡി പ്രസിഡന്റ് ട്രംപിനെ കാണുന്നുണ്ട്. കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതും ചർച്ചയാവും. വ്യാപാരം, പ്രതിരോധ സഹകരണം, ഇന്തോ-പസഫിക് മേഖലാ സുരക്ഷ എന്നിവയിൽ ചർച്ചകൾ നടക്കുമെന്നാണ് സൂചന
അതേസമയം പഞ്ചാബ് സർക്കാർ കുടിയേറ്റക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനെ എതിർക്കുകയാണ്. നിരാശാജനകമായ തീരുമാനമെന്നാണ് സർക്കാർ നിലപാട്.