ഡല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ ജൂലൈ 8-നകം പ്രഖ്യാപിക്കപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കരാറുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും ഇരുരാജ്യങ്ങളും അംഗീകരിച്ചു.
ചര്‍ച്ചകള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി ചീഫ് നെഗോഷ്യേറ്ററും വാണിജ്യ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വാഷിംഗ്ടണില്‍ എത്തിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് പരസ്പര താരിഫ് ചുമത്തുന്നതിനുള്ള ട്രംപിന്റെ സമയപരിധി ജൂലൈ 9-ന് അവസാനിക്കുന്നതിന് മുന്നോടിയായി ഈ കരാര്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
അടുത്തിടെ, ഇന്ത്യയുമായി ഒരു പ്രധാന വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് വീണ്ടും സൂചന നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച, തന്റെ ഭരണകൂടം എല്ലാ വ്യാപാര തടസ്സങ്ങളും നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.