/sathyam/media/media_files/2025/05/13/ZpWmZxeMbExHf5pBkUx3.jpg)
ഡൽഹി: ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഏർപ്പെടുത്തിയ 50 ശതമാനം പിഴച്ചുങ്കം പ്രതിവർഷം 6000 കോടി (60 ബില്യണ്‍) ഡോളറിന്റെ കയറ്റുമതിയെ ബാധിക്കുമെന്ന് റിപ്പോർട്ട്.
കേരളത്തിൽനിന്നുള്ള ചെമ്മീനും സുഗന്ധവ്യഞ്ജനങ്ങളും കാർഷികോത്പന്നങ്ങളും സംസ്കരിച്ച ഭക്ഷണവും മുതൽ തുണിത്തരങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പരവതാനികൾ, കരകൗശല വസ്തുക്കൾ, ലെതർ പാദരക്ഷകൾ തുടങ്ങിയവയാകും കടുത്ത പ്രതിസന്ധിയിലാകുന്ന മേഖലകൾ.
പുതിയ തീരുവകൾ യുഎസിലേക്കുള്ള കയറ്റുമതി വാണിജ്യപരമായി അസാധ്യമാക്കും. കയറ്റുമതി ഗണ്യമായി കുറയുന്നതിലൂടെ വൻതോതിലുള്ള തൊഴിൽനഷ്ടത്തിനുപുറമെ രാജ്യത്തെ സാന്പത്തികവളർച്ച മന്ദഗതിയിലാക്കുമെന്നും കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യയിൽനിന്നു ക്രൂഡ് ഓയിലും ആധുനിക പ്രതിരോധ ഉപകരണങ്ങളും വാങ്ങുന്നതിന്റെ പേരിലുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു വഴങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം അമേരിക്കയെ കുറച്ചെങ്കിലും വെട്ടിലാക്കും. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരയുദ്ധത്തിൽ ഇന്ത്യക്കെതിരേ ഏറ്റവും കൂടിയ തോതിലുള്ള പിഴ തീരുവയാണ് ട്രംപ് ചുമത്തിയത്.
ഉയർന്ന തീരുവകൾക്കിടയിൽ, ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളോടുള്ള മത്സരശേഷി നഷ്ടപ്പെട്ടേക്കാമെന്നതു വെല്ലുവിളിയാണ്. ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയപ്പോൾ അമേരിക്കയുടെ ശത്രുവെന്നു പറയുന്ന ചൈനയ്ക്കുമേൽ 30 ശതമാനമേ തീരുവയുള്ളൂ. മറ്റ് ഏഷ്യൻ രാജ്യങ്ങളായ വിയറ്റ്നാം (20 ശതമാനം), ഇന്തോനേഷ്യ (19 ശതമാനം), ജപ്പാൻ (15 ശതമാനം) എന്നിവയും ഇന്ത്യക്കു ഭീഷണിയാണ്.
ഏറ്റവും കൂടുതൽ ബാധിക്കുന്ന മേഖലകൾ
ചെമ്മീൻ: കേരളത്തിലെ ചെമ്മീൻ വ്യവസായം കടുത്ത പ്രതിസന്ധിയാകും നേരിടുക. 2025 സാന്പത്തികവർഷത്തിൽ ഇന്ത്യ 2.4 ബില്യണ്‍ ഡോളർ മൂല്യമുള്ള ചെമ്മീൻ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. വളർത്തിയ ചെമ്മീനുകൾക്ക്, പ്രത്യേകിച്ച് തൊലി കളഞ്ഞ, വേർതിരിച്ചവയ്ക്ക് ഇന്ത്യയുടെ ഏറ്റവും മികച്ച വിപണിയാണ് അമേരിക്ക.
കൃഷിയും സംസ്കരിച്ച ഭക്ഷണവും: ആറു ബില്യണ്‍ ഡോളർ വിലമതിക്കുന്ന ബസുമതി അരി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റു കാർഷികോത്പന്നങ്ങൾ തുടങ്ങിയവ അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.
തീരുവ കൂടുന്നതോടെ പാക്കിസ്ഥാൻ, തായ്ലൻഡ്, വിയറ്റ്നാം, കെനിയ, ശ്രീലങ്ക എന്നിവയാകും ഇന്ത്യയെ മറികടക്കുക. അമേരിക്കയുടെ ആവശ്യം ഏറ്റെടുക്കാനും വില കുറച്ചു വിൽക്കാനും ഈ രാജ്യങ്ങൾ തയാറാകുന്നതോടെ ഇന്ത്യയിലെ കാർഷികമേഖല കടുത്ത പ്രതിസന്ധിയിലാകും.
രത്നങ്ങളും ആഭരണങ്ങളും: യുഎസിലേക്കുള്ള ഇന്ത്യയുടെ 1000 കോടി ഡോളറിന്റെ കയറ്റുമതി ഈ മേഖലയിലെ ഇന്ത്യയുടെ ആഗോള കയറ്റുമതിയുടെ 40 ശതമാനമാണ്. തീരുവ 2.1 ശതമാനത്തിൽനിന്നു 52.1 ശതമാനമായി ഉയർന്നതോടെ സൂറത്ത്, മുംബൈ, ജയ്പുർ എന്നിവിടങ്ങളിൽ തൊഴിൽനഷ്ടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് കട്ടിംഗ്, പോളിഷിംഗ്, നിർമാണം എന്നിവയിൽ ജോലി ചെയ്യുന്നത്.
തുണിത്തരങ്ങളും വസ്ത്രങ്ങളും: യുഎസിലേക്കുള്ള കയറ്റുമതിയിൽ വസ്ത്രങ്ങളുടെ മാത്രം പങ്ക് 540 കോടി ഡോളറാണ്. 2025 സാന്പത്തികവർഷത്തിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി 10.8 ബില്യണ്‍ ഡോളറായിരുന്നു.
ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയിൽ യുഎസിന്റെ പങ്ക് 35 ശതമാനമാണ്. തീരുവ 13.9 ശതമാനത്തിൽനിന്ന് 63.9 ശതമാനമായി ഉയരുന്നതോടെ വിലയിലെ ഏതൊരു നേട്ടത്തെയും ഇല്ലാതാക്കും. തിരുപ്പുർ, നോയിഡ-ഗുരുഗ്രാം, ബംഗളൂരു, ലുധിയാന, ജയ്പുർ എന്നിവിടങ്ങളിലെ ക്ലസ്റ്ററുകളെ ബാധിക്കും, ബംഗ്ലാദേശ്, വിയറ്റ്നാം, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ വിതരണക്കാരെ മാറ്റിയേക്കും.
പരവതാനികൾ: അമേരിക്കയിലേക്കുള്ള പരവതാനി കയറ്റുമതിയാണ് മറ്റൊരു വലിയ പ്രതിസന്ധിയാകുക. നടപ്പ് സാന്പത്തികവർഷത്തിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 120 കോടി ഡോളറായിരുന്നു. ഇന്ത്യൻ പരവതാനി കയറ്റുമതിയിൽ 58.6 ശതമാനം അമേരിക്കയുടെ വിഹിതമാണ്.
തീരുവ 2.9 ശതമാനത്തിൽനിന്ന് 52.9 ശതമാനമായി ഉയരന്നതോടെ ഭാദോഹി, മിർസാപുർ, ശ്രീനഗർ എന്നിവിടങ്ങളിലെ കരകൗശല വിദഗ്ധരുടെ ഉപജീവനത്തിനു ഭീഷണിയാകും. തുർക്കി, പാക്കിസ്ഥാൻ, നേപ്പാൾ, ചൈന എന്നിവ നേട്ടമുണ്ടാക്കും.
കരകൗശല വസ്തുക്കൾ: 2025 സാന്പത്തികവർഷത്തിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കരകൗശല കയറ്റുമതി 160 കോടി ഡോളറായിരുന്നു. ഇന്ത്യൻ കയറ്റുമതിയിൽ 40 ശതമാനം വിഹിതമാണ് അമേരിക്കയുടേത്. ഇത് ജോധ്പുർ, ജയ്പുർ, മൊറാദാബാദ്, സഹാറൻപുർ എന്നിവിടങ്ങളിലെ ഫാക്ടറികൾ അടച്ചുപൂട്ടലിനു കാരണമാകും, വിയറ്റ്നാം, ചൈന, തുർക്കി, മെക്സിക്കോ എന്നീ രാജ്യങ്ങൾ ഈ വിടവ് നികത്തും.
തുകൽ, പാദരക്ഷകൾ: യുഎസിലേക്കുള്ള ഇന്ത്യയുടെ തുകൽ ഉത്പന്നങ്ങളുടെയും പാദരക്ഷകളുടെയും കയറ്റുമതി 1.2 ബില്യണ്‍ ഡോളറാണ്. ഇനിയത് 50 ശതമാനം തീരുവയ്ക്കു വിധേയമാകും. വിയറ്റ്നാം, ചൈന, ഇന്തോനേഷ്യ, മെക്സിക്കോ എന്നിവയ്ക്ക് മുന്നിൽ ഇന്ത്യയ്ക്കു സ്ഥാനം നഷ്ടപ്പെടും. ആഗ്ര, കാണ്‍പുർ, തമിഴ്നാട് എന്നിവിടങ്ങളിലെ അന്പൂർ-റാണിപ്പേട്ട് ക്ലസ്റ്ററുകൾക്ക് ഭീഷണിയാണിത്.
ബദലിന് അവസരം
അമേരിക്കയുടെ പിഴ തീരുവ യുദ്ധത്തിൽ പിടിച്ചുനിൽക്കാൻ നരേന്ദ്ര മോദി സർക്കാരിന്റെ ബദൽ പദ്ധതികൾ സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ട്രംപിന്റെ ഭീഷണിക്കു വഴങ്ങില്ലെന്ന് പ്രഖ്യാപിക്കുന്പോഴും വലിയ പ്രതിസന്ധിയിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ സമഗ്ര പദ്ധതികളൊന്നും ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ ഇന്ത്യയിലെ കർഷകരെയും ചെറുകിട, ഇടത്തരം വ്യവസായികളെയും തൊഴിലാളികളെയും രക്ഷിക്കാനും പുതിയ ആഗോള, ആഭ്യന്തര വിപണികൾ കണ്ടെത്താനുമുള്ള വലിയൊരവസരം കൂടിയാണ് രാജ്യത്തിനു കൈവന്നിരിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിൽ ഇന്ത്യൻ ഉത്പന്നങ്ങൾ വിറ്റഴിക്കാനും രാജ്യത്തെ കർഷകർക്കും ചെറുകിട, ഇടത്തരം വ്യാപാരികൾ, വ്യവസായികൾ തുടങ്ങിയവർക്കും കൂടുതൽ പ്രോത്സാഹനവും സഹായവും നൽകാനും സർക്കാർ തയാറായാൽ പുതിയ വെല്ലുവിളിയെ ഗുണകരമായ അവസരമാക്കാമെന്നാണു സാന്പത്തികവിദഗ്ധർ അഭിപ്രായപ്പെട്ടത്.