തമിഴ്‌നാട്ടിൽ രാഷ്ട്രീയ അട്ടിമറി: ടി.ടി.വി. ദിനകരൻ എൻ.ഡി.എയിലേക്ക്; 2026-ലെ നിയമസഭാ പോരാട്ടം പുതിയ തലത്തിലേക്ക്

തേനി, ശിവഗംഗ, രാമനാഥപുരം, മധുര തുടങ്ങിയ ജില്ലകളില്‍ 10 മുതല്‍ 15 ശതമാനം വരെ വോട്ടുകള്‍ സ്വാധീനിക്കാന്‍ ദിനകരന് സാധിക്കും.

New Update
Untitled

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ടി.ടി.വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം വീണ്ടും എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നു.

Advertisment

ബുധനാഴ്ച ചെന്നൈയില്‍ വെച്ച് ബിജെപിയുടെ തമിഴ്നാട് തിരഞ്ഞെടുപ്പ് ചുമതലയുള്ള പിയൂഷ് ഗോയലുമായി ദിനകരന്‍ കൂടിക്കാഴ്ച നടത്തി. ഡി.എം.കെ സര്‍ക്കാരിനെ താഴെയിറക്കി തമിഴ്നാട്ടില്‍ 'അമ്മ ഭരണം' തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ദിനകരന്‍ പ്രഖ്യാപിച്ചു.


പുതിയ തുടക്കം, പഴയ വൈരാഗ്യങ്ങള്‍ മറന്ന്...

അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് എ.എം.എം.കെ വീണ്ടും എന്‍.ഡി.എ പാളയത്തിലെത്തിയത്. 'ത്യാഗം ചെയ്യുന്നവര്‍ ഒരിക്കലും തകരില്ല.

പഴയ കാര്യങ്ങളെല്ലാം മറന്ന് ഒരു പുതിയ തുടക്കത്തിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അമ്മയുടെ (ജയലളിത) യഥാര്‍ത്ഥ അനുയായികള്‍ ഒന്നിച്ച് തമിഴ്നാട്ടില്‍ പുതിയ ഭരണം കാഴ്ചവെക്കും,' എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

എടപ്പാടി പളനിസ്വാമിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെ തന്നെ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ദിനകരന്‍ തീരുമാനിച്ചത് തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കും.

മുക്കുളത്തോര്‍ വോട്ടുകള്‍ നിര്‍ണ്ണായകമാകും

തെക്കന്‍ തമിഴ്നാട്ടിലെ ശക്തമായ സമുദായമായ മുക്കുളത്തോര്‍ (തേവര്‍, മറവര്‍, അകമുടയാര്‍) വിഭാഗത്തിനിടയില്‍ ദിനകരനുള്ള സ്വാധീനം വോട്ടാക്കി മാറ്റാനാണ് ബിജെപി നീക്കം.

തേനി, ശിവഗംഗ, രാമനാഥപുരം, മധുര തുടങ്ങിയ ജില്ലകളില്‍ 10 മുതല്‍ 15 ശതമാനം വരെ വോട്ടുകള്‍ സ്വാധീനിക്കാന്‍ ദിനകരന് സാധിക്കും.


ദിനകരന്റെ വരവോടെ ഏകദേശം 20 മുതല്‍ 30 വരെ നിയമസഭാ സീറ്റുകളില്‍ എ.ഐ.എ.ഡി.എം.കെയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി ഡി.എം.കെ വിരുദ്ധ വോട്ടുകള്‍ എന്‍.ഡി.എ സഖ്യത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.


2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തേനി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ദിനകരന്‍ ഏകദേശം 2.92 ലക്ഷം വോട്ടുകള്‍ (25.65%) നേടി തന്റെ കരുത്ത് തെളിയിച്ചിരുന്നു. ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ അനന്തരവനായ ദിനകരന്റെ വരവ് തമിഴ്നാട്ടിലെ മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക് കൂടുതല്‍ വേഗം പകരും.

Advertisment