ഭീകരാക്രമണത്തെത്തുടർന്ന് അടച്ചിട്ട കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു; ട്യൂലിപ് ഗാർഡൻ ഉൾപ്പെടെ 14 ഇടങ്ങളിൽ സന്ദർശകർക്ക് അനുമതി

കശ്മീരിലെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ നീക്കണമെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള നേരത്തെ ആവശ്യപ്പെട്ടിരുന്നു.

New Update
Untitled

ശ്രീനഗര്‍: 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാര്‍ഡന്‍ ഉള്‍പ്പെടെ 14 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉടനടി തുറക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തിങ്കളാഴ്ച ഉത്തരവിട്ടു.

Advertisment

ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡന്‍, യൂസ്മാര്‍ഗ്, ദൂദ്പത്രി, കോക്കര്‍നാഗിലെ ദണ്ഡിപോറ പാര്‍ക്ക്, പീര്‍ കി ഗലി, തജിവാസ് ഗ്ലേസിയര്‍ തുടങ്ങി കശ്മീര്‍ ഡിവിഷനിലെ 11 ഇടങ്ങളും ജമ്മു ഡിവിഷനിലെ മൂന്ന് കേന്ദ്രങ്ങളുമാണ് തുറന്നത്.


2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അമ്പതോളം വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അധികൃതര്‍ അടച്ചിട്ടിരുന്നത്.

നിലവില്‍ ആകെ 42 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മഞ്ഞ് വീഴ്ച തുടരുന്നതിനാല്‍ ഗുരേസ്, ബംഗസ് തുടങ്ങിയ ചില സ്ഥലങ്ങള്‍ മഞ്ഞ് നീക്കം ചെയ്ത ശേഷം മാത്രമേ തുറക്കുകയുള്ളൂ.


കശ്മീരിലെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ നീക്കണമെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള നേരത്തെ ആവശ്യപ്പെട്ടിരുന്നു.


സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതോടെ കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കശ്മീര്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു.

Advertisment